ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല. ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ.. ; എസ്പിബി പറഞ്ഞത്..

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല. ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ.. ഏതാണ്ട് ഇങ്ങനെയാണ് ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്.

Advertisment

publive-image

രണ്ടോ മൂന്നോ ദിവസത്തിനകം മടങ്ങാം എന്നായിരിക്കാം അദ്ദേഹം കരുതിയിരിക്കുക. എസ്പിബി ആശുപത്രിയില്‍നിന്നു മടങ്ങുന്നതു പക്ഷേ, ചേതനയറ്റ്.അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യ, പതിനാറു ഭാഷകള്‍, നല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍. ചലച്ചിത്ര ലോകത്തിനും പുറത്തും എസ്പി ബാലസുബ്രഹ്മണ്യം ശരിക്കും വിസ്മയം തന്നെയായിരുന്നു. 2001ല്‍ പദ്മശ്രീ, പത്തു വര്‍ഷത്തിനിപ്പുറം പദ്മഭൂഷണ്‍.. മികച്ച പിന്നണി ഗായകനുള്ള ആറു ദേശീയ പുരസ്‌കാരങ്ങള്‍, ഒട്ടേറെ സംസ്ഥാന അവാര്‍ഡുകള്‍.

ഹരികഥാ കലാകാരനായിരുന്നു ബാലസുബ്രഹ്മണ്യത്തിന്റെ പിതാവ് സാംബമൂര്‍ത്തി. അമ്മ ശകുന്തളാമ്മ. 1946 ജൂണ്‍ നാലിനു ജനിച്ച എസ്പിബി ചെറു പ്രായത്തില്‍ തന്നെ സ്വരത്തോടും ലയത്തോടും അടുത്തു. സഹോദരി പി ശൈലജയും പിന്നണിഗായികയായിരുന്നു.

എന്‍ജീനിയറിങ് പഠിക്കുമ്പോള്‍ തന്നെ പാട്ടു മത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനം വാങ്ങിയിരുന്ന എസ്പിബിക്കുള്ളില്‍ സിനിമാ മോഹം വളര്‍ത്തിയത് ഗായിക എസ് ജാനകിയായിരുന്നു. സിനിമയില്‍ തനിക്കു തിളങ്ങാനാവും എന്ന് ആദ്യം പറഞ്ഞത്, ഒരു സമ്മാനദാന ചടങ്ങില്‍ വച്ച് ജാനകിയായിരുന്നുവെന്ന് എസ്പിബി തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്. താനും പാട്ടു പഠിച്ചയാളല്ലെന്നായിരുന്നു അതിനു ജാനകിയമ്മ പറഞ്ഞ ന്യായം.

ജാനകിയമ്മ പാകിയ മോഹവുമായി പിന്നീട് സംഗീത സംവിധായകരെ തേടിയുള്ള യാത്രകളായിരുന്നു. എസ്പി കോതണ്ഡപാണിയുടെ തെലുഗു ചിത്രം ശ്രീശ്രീശ്രീ മര്യാദ രമണയായിരുന്നു ആദ്യ ചിത്രം- 1967ല്‍. വൈകാതെ തെലുങ്കില്‍ ഒട്ടേറെ അവസരങ്ങള്‍ വന്നു. തെലുഗു സംഗീത സംവിധായകന്‍ സത്യം ആണ് തനിക്ക് ഉദാരമായി അവസരങ്ങള്‍ തന്നതെന്ന് ഓര്‍ത്തെടുത്തിട്ടുണ്ട് എസ്പിബി.

spb death
Advertisment