/sathyam/media/media_files/Rg4dvk1qLPcNYNdaLQVr.png)
മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ എങ്ങെങ്ങും ചര്‍ച്ചയാണ്. പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളുണ്ടോ? പറക്കും തളികകള്‍ കണ്ടവരുണ്ടോ...? മെക്സിക്കോ സിറ്റിയിലെ ഒരു അസാധാരണ സംഭവമാണ് അമ്പരപ്പിലേക്കും ചോദ്യങ്ങളിലേക്കും വഴിമാറിയിരിക്കുന്നത്.
എന്നാല്‍, വൈറലായ പ്രദര്‍ശനത്തിന് പിന്നില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും വിപുലമായ തട്ടിപ്പിന്റെ ഭാഗമാണിതെന്ന് വാദിച്ച് രംഗത്തു വരികയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ മനുഷ്യേതര മൃതദേഹങ്ങളില്‍ നിരവധി പരിശോധനകള്‍ നടത്തിയെന്നും തലയോട്ടികള്‍ കൂട്ടിയോജിപ്പിച്ചതിന്റെയോ കൃത്രിമം നടത്തിയതിന്റെയോ തെളിവുകളില്ലെന്ന് അവകാശപ്പെട്ട് ഡോക്ടര്‍മാരും.
സമാനമായ മാതൃകയെക്കുറിച്ച് മുമ്പ് നടത്തിയ അവകാശവാദങ്ങള്‍ ശാസ്ത്രജ്ഞര്‍ മനുഷ്യരുടെ മമ്മി ചെയ്ത അവശിഷ്ടങ്ങളായി തള്ളിയിരുന്നു. തങ്ങളുടെ ഡാറ്റ സാമ്പിളുകള്‍ ഇവര്‍ പരസ്യമാക്കാത്തത് എന്തു കൊണ്ടാണെന്നും ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് വിശദീകരിക്കാനാകാത്ത പ്രതിഭാസങ്ങള്‍ക്ക് പിന്നില്‍ അന്യഗ്രഹജീവികളാണെന്ന് തെളിവുകളൊന്നുമില്ലെന്നായിരുന്നു നിഗമനം.
പറക്കുംതളികകളെക്കുറിച്ചു പഠിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ഹൈമെ മൗസാന്റെ നേതൃത്വത്തില്‍ അന്യഗ്രഹജീവികളുടേതെന്നു കരുതുന്ന രണ്ടു മൃതാവശിഷ്ടങ്ങള്‍ മെക്സിക്കോ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ച സംഭവമാണ് മാധ്യങ്ങളിലെങ്ങും ഇടം പിടിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും സംഭവം വ്യാപകമായി ചര്‍ച്ചയായിരിക്കുകയാണ്. പ്രദര്‍ശനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഗവേഷണം നടത്തിവരികയാണ് ശാസ്ത്രജ്ഞര്‍.
ചില്ലുപേടകത്തിലാക്കിയാണ് രണ്ടു കുഞ്ഞു മൃതദേഹാവിശിഷ്ടം പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ചത്. പെറുവിലെ കൂസ്‌കോയില്‍നിന്നു കണ്ടെടുത്ത ഇവയ്ക്ക് 1000 വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം. ഡയാറ്റം ആല്‍ഗെകള്‍ നിറഞ്ഞ് ഫോസിലായി മാറിയ ഇവ പെറുവിലെ കുസ്‌കോയിലെ ഖനികളില്‍നിന്നാണ് ലഭിച്ചത്.
നാഷണല്‍ ഓട്ടൊണോമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ ഇവ പഠനവിധേയമാക്കിയെന്ന് മൗസാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. റേഡിയോകാര്‍ബണ്‍ ഡേറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മൃതദേഹങ്ങളില്‍നിന്ന് ഡി.എന്‍.എ. സാംപിളെടുത്തു. മൃതാവശിഷ്ടങ്ങളില്‍ രണ്ടും മനുഷ്യന്റെ പരിണാമപ്രക്രിയയുമായി പൊരുത്തപ്പെടുന്നവയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.