Advertisment

ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ കരുതിയിരിക്കണം, രേഖകളില്ലാതെ വായ്പ തരാമെന്ന് വാഗ്ദാനം നല്‍കി ഊറ്റിയെടുക്കുന്നത് നമ്മുടെയെല്ലാം മൊബൈല്‍ വിവരങ്ങള്‍, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു, തടയിടാനാകാതെ പോലീസ്; കൊള്ളപ്പലിശയും ഭീഷണിയുമായി അഴിഞ്ഞാടുന്നത് 400 വായ്പാ ആപ്പുകള്‍

തിരിച്ചടച്ചു തീര്‍ത്താലും അടവു തെറ്റിയെന്നും തുക ബാക്കിയുണ്ടെന്നും പറഞ്ഞ് ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കും. സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കുകയാണ് യുവാക്കള്‍.

New Update
cyber crime

തിരുവനന്തപുരം: രേഖകളും ഈടുമില്ലാതെ ഓണ്‍ലൈന്‍ വായ്പ അനുവദിക്കുന്ന ആപ്ലിക്കേഷനുകളെ മലയാളികള്‍ കരുതിയിരിക്കണം. രേഖകളില്ലാതെ വായ്പ തരുന്ന ആപ്പുകള്‍ നമ്മുടെയെല്ലാം മൊബൈലുകളിലെ വിവരങ്ങള്‍ ഊറ്റിയെടുത്ത് പിന്നീട് ബ്ലാക്ക്‌മെയില്‍ നടത്തുകയാണ് ചെയ്യുക. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്ന ഗെയിമുകളുമായി ഈ ആപ്പുകള്‍ക്ക് ബന്ധമുണ്ട്.  

Advertisment

കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കുന്ന 400ലേറെ ആപ്പുകളുണ്ട്. ഗെയിമിംഗ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇവ കൈയില്‍ പണമില്ലെങ്കില്‍ വായ്പയെടുത്ത് കളിക്കാന്‍ സൗകര്യമുണ്ടാക്കും. ആധാര്‍, കെ.വൈ.സി. വിവരങ്ങള്‍ നല്‍കിയാലുടന്‍ പണം ലഭിക്കും. ഒന്നര ശതമാനം പലിശയെന്നൊക്കെ പറയുമെങ്കിലും കൂറ്റന്‍ ദിവസപ്പലിശയാണ് ഈടാക്കുക. ഉപഭോക്താക്കള്‍ നല്‍കുന്ന വ്യക്തിവിവരത്തിന്റെ അടിസ്ഥാനത്തില്‍ 30ശതമാനം തുക പ്രോസസിംഗ് ഫീസ് ഈടാക്കിയാണ് വായ്പ നല്‍കുക.

ഓണ്‍ലൈന്‍ ഗെയിം കളിച്ച് കടംകയറി ജീവനൊടുക്കിയതില്‍ മിക്കവരും ആപ്പുകളില്‍ നിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയാല്‍ ഗുണ്ടായിസമാണ്. ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകളും ചിത്രങ്ങളുമെല്ലാം ഇവര്‍ കൈക്കലാക്കും. വായ്പ പലിശ സഹിതം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ കോണ്ടാക്ട് ലിസ്റ്റിലെ എല്ലാവര്‍ക്കും സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തും. 

സുഹൃത്തുക്കളെയും ബന്ധുക്കളെയും അവരറിയാതെ ജാമ്യക്കാരാക്കിയാണു വായ്പയെടുത്തതെന്ന സന്ദേശങ്ങള്‍ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും. ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്പറുകളിലേക്ക് രാവുംപകലും തുടരെ വിളിക്കും. വായ്പയെടുത്തയാളുടെ ചിത്രം പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ച് ഡിഫോള്‍ട്ടര്‍ എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങും. തിരിച്ചടച്ചു തീര്‍ത്താലും അടവു തെറ്റിയെന്നും തുക ബാക്കിയുണ്ടെന്നും പറഞ്ഞ് ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കും. സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കുകയാണ് യുവാക്കള്‍.

ആപ്പുകള്‍ വഴി വായ്പയെടുത്ത് കുടുങ്ങിയവരുടെ 63 പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണമുണ്ട്. റമ്മി കളിച്ച് 25 ലക്ഷം രൂപയുടെ കടക്കാരനായി ജീവനൊടുക്കിയ ഐ.എസ്.ആര്‍.ഒയിലെ കരാര്‍ ജീവനക്കാരനായിരുന്ന വി.എച്ച്. വിനീത് ആപ്പിലൂടെ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ, സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിനീതിനെ അവഹേളിച്ച് ഫോട്ടോ അടക്കം സന്ദേശം അയച്ചിരുന്നു. ഇത് വിനീതിനെ തളര്‍ത്തി. താന്‍ പെട്ടുപോയെന്നാണ് വിനീത് സുഹൃത്തുക്കളോട് പറഞ്ഞത്. 

വായ്പാആപ്പിന്റെ എക്‌സിക്യൂട്ടീവ് വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ച് 2021 ഫെബ്രുവരിയിലിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്യാന്‍ നിയമവകുപ്പ് ആഭ്യന്തരവകുപ്പിന് അടുത്തിടെ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പണം വച്ചുള്ള റമ്മികളി ഭാഗ്യപരീക്ഷണമാണെന്നും ഇതിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷയുമെന്ന ഭേദഗതിയാണ് വരുത്തുക. നിയമഭേദഗതി കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

സമൂഹമാധ്യമത്തില്‍ പ്രചരിച്ച ഏതോ ലിങ്കില്‍ ക്ലിക്ക് ചെയ്ത തലസ്ഥാനത്തെ വീട്ടമ്മ നേരിട്ടത് 18,000രൂപ അടച്ചില്ലെങ്കില്‍ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ചൈനീസ് വായ്പാ ആപ്പിന്റെ ഭീഷണി. വായ്പയ്ക്ക് വീട്ടമ്മ അപേക്ഷിച്ചിരുന്നില്ല. ഉടനടി പണമടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്പറുകളിലേക്കെല്ലാം അയയ്ക്കുമെന്ന് വിദേശനമ്പറില്‍ നിന്നാണ് സന്ദേശമെത്തിയത്.  

മൂന്ന് സുഹൃത്തുക്കള്‍ക്ക് ഫോണിലെ ഗാലറിയിലുണ്ടായിരുന്ന വീട്ടമ്മയുടെ ചിത്രവും ആധാര്‍, പാന്‍കാര്‍ഡ് കോപ്പികളും ചൈനീസ് ആപ്പുകാര്‍ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു.  

നിരോധനത്തിന് മുന്‍പ് പരമാവധി ആളുകളില്‍ നിന്ന് പണംതട്ടാനാണ് ചൈനീസ് ആപ്പുകളുടെ ശ്രമം. നൂറിലേറെ പരാതികളാണ് എല്ലാ ദിവസവും പോലീസിന് ലഭിക്കുന്നത്. അന്വേഷണം ശ്രമകരമായതിനാല്‍ പരാതികളില്‍ കേസെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

റിസര്‍വ് ബാങ്കിന്റെ നിയന്ത്‌റണമില്ലാതെയും മണിലെന്‍ഡേഴ്‌സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവര്‍ത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമാണ് പിന്നില്‍. വേഗത്തില്‍ വായ്പ ലഭിക്കുമെന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പുകള്‍ രഹസ്യമായി ഫോണിലെത്തും. തുടക്കത്തിലേ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പിന് കടന്നുകയറാം. ഫോണിലെ ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോര്‍ത്തിയെടുക്കും.  

പണമടച്ചില്ലെങ്കില്‍ മൂന്നാം കക്ഷിക്ക് കേസ് കൈമാറുമെന്നും അവര്‍ മോശം കാര്യങ്ങള്‍ ചെയ്യുമെന്നും തലസ്ഥാനത്തെ വീട്ടമ്മയ്ക്ക് വായ്പാആപ്പുകാര്‍ സന്ദേശമയച്ചു. സുഹൃത്തുക്കള്‍ക്ക് മോശം ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കും. ഗാലറിയിലെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ എന്നിവയില്‍ പ്രചരിപ്പിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കും. വേണ്ടെങ്കില്‍ വേഗം പണമടച്ചോളൂ- ഇങ്ങനെയാണ് വായ്പാ ആപ്പുകളുടെ ഭീഷണി. ഇതിനെ നേരിടാന്‍ പോലീസിന് കഴിയുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Advertisment