ജനുവരി വിൻഡോയിൽ ഇതിഹാസ സ്‌ട്രൈക്കർ ഓൾഡ് ട്രാഫോഡിൽ നിന്ന് പുറത്തുപോകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമം നടത്തുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു .
സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചിട്ട് രണ്ടാഴ്ചയിൽ കൂടുതലായെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിക്കുന്നില്ല.
ഏറ്റവും പുതിയ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി, ബയേൺ മ്യൂണിക്ക്, പാരീസ് സെന്റ് ജെർമെയ്ൻ, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെല്ലാം റൊണാൾഡോയുമായി കരാറിലേർപ്പെടാൻ താല്‍പര്യം പ്രകടിപ്പിച്ചു.
സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിസെഹൽ വ്യക്തമായ താല്പര്യം അറിയിച്ചു താരത്തിന് സന്ദേശം അയച്ചിട്ടുണ്ട്. പുതിയ മാനേജർ എറിക് ടെൻ ഹാഗിന്റെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ-സീസണിന്റെ ഒരു പ്രധാന ഭാഗം റൊണാൾഡോയ്ക്ക് നഷ്ടമായതോടെ സൂപ്പർ താരം ക്ലബ് വിടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.
37 കാരനായ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ താല്പര്യവുമായി ചെൽസി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. റൊണാൾഡോയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൊണ്ടുവരാൻ ടോഡ് ബോഹ്‌ലിക്ക് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും അന്നത്തെ മാനേജർ തോമസ് ടുച്ചലിൽ നിന്ന് ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നു.
2022 ലോകകപ്പിന് ശേഷം ചെൽസിയോ മറ്റേതെങ്കിലും ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബിലേക്കോ പോവാനുള്ള ശ്രമത്തിലാണ് റൊണാൾഡോ. അതിനിടയിൽ പോർച്ചുഗീസ് സൂപ്പർസ്റ്റാറിനെ സൗദി അറേബ്യയിലേക്ക് കൊണ്ട് വരാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലൊരു താരം സൗദി ലീഗിൽ കളിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സൗദി അറേബ്യൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് യാസർ അൽ മിസെഹൽ അത്‌ലറ്റിക്കിനോട് പറഞ്ഞു.
“ഇത് ഒരു വലിയ പോസിറ്റീവ് ഫീഡ്‌ബാക്ക് കൊണ്ടുവരും, എല്ലാവർക്കും ഇത് വലിയ വാർത്തയായിരിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടങ്ങളും റെക്കോർഡുകളും എല്ലാവർക്കും അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്, മാത്രമല്ല കളിക്കാരൻ എന്ന നിലയിൽ ഒരു മികച്ച റോൾ മോഡൽ കൂടിയാണ് ” - അദ്ദേഹം കൂട്ടിച്ചേർത്തു.
“തീർച്ചയായും ഇത് വളരെ ചെലവേറിയ ഇടപാടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഞങ്ങളുടെ ക്ലബ്ബുകൾക്ക് ഉയർന്ന വരുമാനം ലഭിക്കുന്നത് നമുക്ക് കാണാൻ കഴിയും.
പ്രീമിയർ ലീഗിൽ കളിച്ചിരുന്ന ചില വമ്പൻ താരങ്ങൾ സൗദി ലീഗിലേക്ക് വരുന്നത് നമ്മൾ നേരത്തെ കണ്ടതാണ്. ഒരു കളിക്കാരനെന്ന നിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഞാൻ ഇഷ്ടപ്പെടുന്നു, സൗദി അറേബ്യയിൽ അദ്ദേഹം കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു” - അൽ-മിസെഹൽ പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന റൊണാൾഡോ സൗദി ക്ലബിൽ നിന്ന് ആഴ്ചയിൽ 2 മില്യൺ പൗണ്ട് നൽകുമെന്ന വാഗ്ദാനം നിരസിച്ചിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നതിനു വേണ്ടി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം ശ്രമങ്ങൾ നടത്തിയെങ്കിലും അതിൽ വിജയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
നിരവധി ക്ലബുകളുമായി താരത്തെ ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് അതെല്ലാം മടങ്ങുകയായിരുന്നു.
Cristiano Ronaldo is likely to receive more mega-money offers from Saudi Arabian clubs, the country's FA president says https://t.co/1MYAEinwUV
— MailOnline Sport (@MailSport) September 12, 2022