/sathyam/media/media_files/GjKuiAnQCJjmmY9ELrac.jpg)
ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിന് പിന്നാലെ ഇഗോര്‍ സ്റ്റിമാച്ചിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്ന് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പുറത്താക്കി.
“നിലവിലെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച്ചുമായുള്ള കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിക്കാൻ ആക്ടിംഗ് സെക്രട്ടറി ജനറൽ സത്യനാരായണനെ യോഗം ചുമതലപ്പെടുത്തി. മേൽപ്പറഞ്ഞ പ്രകാരം, എഐഎഫ്എഫ് സെക്രട്ടേറിയറ്റ് സ്റ്റിമാച്ചിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്. ദേശീയ ടീമിന് നൽകിയ സേവനത്തിന് എഐഎഫ്എഫ് സ്റ്റിമാച്ചിന് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ ഭാവി പ്രവർത്തനങ്ങളിൽ ആശംസകൾ നേരുന്നു,” എഐഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു.
56കാരനായ സ്റ്റിമാച്ച് 2019ലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായത്. 1998 ലോകകപ്പിൻ്റെ സെമിഫൈനലിലെത്തിയ ക്രൊയേഷ്യ ടീമിൻ്റെ ഭാഗമായിരുന്നു സ്റ്റിമാച്ച്. ഇന്ത്യയെ മൂന്നാം റൗണ്ടിൽ എത്തിക്കാനുള്ള തൻ്റെ "ദൗത്യത്തിൽ" പരാജയപ്പെട്ടാൽ ടീം ഇന്ത്യയുമായി വേർപിരിയുമെന്ന് നേരത്തെ സ്റ്റിമാച്ച് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടിൻ്റെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചിരുന്നെങ്കിൽ, സ്റ്റിമാച്ചിൻ്റെ കരാർ 2028 വരെ പുതുക്കിയേനെ.