/sathyam/media/media_files/PRI1LnHhX68tksZCNShJ.jpg)
ഇസ്ലാമാബാദ്: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുമോയെന്ന് ഇപ്പോഴും അന്തിമമായിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിനെ ബിസിസിഐ അയച്ചേക്കില്ലെന്നാണ് ഇതുവരെയുള്ള സൂചന.
ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലെത്തിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ, പുതിയ ഒരു 'ഓഫറു'മായി രംഗത്തെത്തിയിരിക്കുകയാണ് പിസിബി.
ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ടീമിന് ന്യൂഡല്‍ഹിയിലേക്കോ, ചണ്ഡീഗഢിലേക്കോ, മൊഹാലിയിലേക്കോ മടങ്ങാനുള്ള ക്രമീകരണം ഏര്‍പ്പെടുത്താമെന്നാണ് പിസിബിയുടെ വാഗ്ദാനം. മത്സരങ്ങൾക്കായി ലാഹോറിലേക്ക് പോകാൻ ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിക്കാമെന്നും പിസിബി ബിസിസിഐയോട് "വാക്കാൽ" നിർദ്ദേശിച്ചു.
എന്നാല്‍ ബോർഡ് രേഖാമൂലം നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് പിസിബി വൃത്തങ്ങൾ വെള്ളിയാഴ്ച പിടിഐയോട് സ്ഥിരീകരിച്ചു. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ ലാഹോർ, റാവൽപിണ്ടി, കറാച്ചി എന്നിവിടങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ പങ്കെടുത്താല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറിലാകും നടക്കുക.