മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുന്‍താരം ഗൗതം ഗംഭീറിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പോടെ പരിശീലക കാലാവധി പൂര്‍ത്തിയാക്കിയ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായാണ് ഗംഭീറെത്തുന്നത്. ഇപ്പോഴിതാ, തന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ആരൊക്കെ വേണമെന്നും ഗംഭീര്‍ ബിസിസിഐയോട് ഉപാധി വച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍താരം അഭിഷേക് നായറെ അസിസ്റ്റന്റ് കോച്ചായി നിയമിക്കണമെന്നാണ് ഗംഭീറിന്റെ ആവശ്യം. ഇരുവരും ഐപിഎല്ലില്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഗംഭീറായിരുന്നു ടീമിന്റെ മെന്റര്‍. അഭിഷേക് സഹപരിശീലകനും. കൊല്‍ക്കത്ത ടീമിന്റെ അക്കാദമി ഡയറക്ടര്‍ കൂടിയാണ് അഭിഷേക്.
അതേസമയം, ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ആര്‍. വിനയ് കുമാറിനെ നിയമിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിനയ് കുമാർ നിലവിൽ മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ടാണ്.
കൂടാതെ ഐഎല്‍ടി20 ൽ എംഐ എമിറേറ്റ്സിൻ്റെ ബൗളിംഗ് പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1 ടെസ്റ്റിലും 38 ഏകദിനങ്ങളിലും 9 ടി20യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിലും അദ്ദേഹം അംഗമായിരുന്നു.