/sathyam/media/media_files/BE3cZWau66KN8ShArYv7.jpg)
ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് ആരെത്തുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സജീവമാണ്. നിരവധി പേരുകള്‍ സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെക്കുറിച്ചാണ് കൂടുതല്‍ ചര്‍ച്ചകളും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ജേതാക്കളായതിന് പിന്നാലെ ഗംഭീറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായി. കാരണം കൊല്‍ക്കത്തയുടെ മെന്ററായിരുന്നു അദ്ദേഹം.
കെകെആറിൻ്റെ കിരീട വിജയത്തിന് ശേഷം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഗംഭീറിനെ കണ്ടതും ഗംഭീറിൻ്റെ നിയമനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. ഗംഭീറിൻ്റെ നിയമനം ഏറെക്കുറെ ഉറപ്പായെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും 'ക്രിക്ക്ബസ്' റിപ്പോര്‍ട്ട് ചെയ്തു.
"ഗംഭീറിൻ്റെ നിയമനം പൂർത്തിയായെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ബിസിസിഐ ഉന്നതരുമായി വളരെ അടുപ്പമുള്ള ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ഉടമ പറഞ്ഞു. ഗംഭീറിനെ പരിശീലകനാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഒരു പ്രമുഖ കമന്റേറ്ററും പറഞ്ഞു. എന്നാല്‍ ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്," എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.