അഹമ്മദാബാദില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനലിന് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പന്നൂനിന്റെ ഭീഷണി. നിരോധിത ഖാലിസ്ഥാനി സംഘടനയായ 'സിഖ് ഫോര്‍ ജസ്റ്റിസ്' സ്ഥാപകന്‍ 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും സംസാരിക്കുന്നതും മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളെ ഇളക്കിവിടാനുള്ള ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. ഇതാദ്യമായല്ല പന്നൂന്‍ ഭീഷണി സന്ദേശം പുറത്തുവിടുന്നത്.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ഖാലിസ്ഥാനി ഭീകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇന്ത്യയിലും സമാനമായ പ്രതികരണം ഉണ്ടാകാതിരിക്കാന്‍ ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് ഒക്ടോബറില്‍ പന്നൂന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയിരുന്നു.
'പഞ്ചാബ് മുതല്‍ പലസ്തീന്‍ വരെയുള്ള ആളുകള്‍ അനധികൃത അധിനിവേശത്തിനെതിരെ പ്രതികരിക്കും. അക്രമം തന്നെയാണ് അക്രമത്തിന് കാരണമാകുന്നത്.'- യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടനയുടെ തലവന്‍ പറഞ്ഞു.
സെപ്റ്റംബറില്‍, ഇന്ത്യ-പാക് ഐസിസി ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി ഭീഷണികള്‍ പുറപ്പെടുവിച്ചതിനും ശത്രുത വളര്‍ത്തിയതിനും അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ഭീഷണി സന്ദേശങ്ങളാണ് പന്നൂന്‍ പുറത്തുവിട്ടിരുന്നത്. നിരവധി ഭീഷണി കോളുകള്‍ ലഭിച്ചെന്ന് പരാതിപ്പെട്ട് നാട്ടുകാരില്‍ ചിലരും അന്ന് അഹമ്മദാബാദ് പോലീസിനെ സമീപിച്ചിരുന്നു.
'ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും.., ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങള്‍ പ്രതികാരം ചെയ്യാന്‍ പോകുകയാണ്.'- മുന്‍കൂട്ടി റൊക്കോഡ് ചെയ്ത ഭീഷണി സന്ദേശത്തില്‍ പന്നൂന്‍ പറയുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ഭീകരനാണ് പന്നൂന്‍. തീവ്രവാദ വിരുദ്ധ ഫെഡറല്‍ ഏജന്‍സി 2019 ലാണ് പന്നൂനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്നുമുതല്‍ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റഡാറിലാണ് പന്നൂന്‍. പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളിലൂടെ ഭീകരത സൃഷ്ടിക്കുകയാണ് പന്നൂന്‍.
2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എന്‍ഐഎ കോടതി പന്നുവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍, മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുവേദികളില്‍ ഭീഷണികള്‍ പുറപ്പെടുവിച്ചതിന്റെ പേരില്‍ പന്നൂന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.