/sathyam/media/media_files/3Vw6EtX8KhX1mTUqyxor.jpg)
ടി20യിലെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒന്നാം സ്ഥാനം. ലോകകപ്പിലെ കിടിലന്‍ പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ഉപനായകന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ശ്രീലങ്കയുടെ വനിന്ദു ഹസരങ്കയും പാണ്ഡ്യയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു.
ടി20 ലോകകപ്പില്‍ ഉജ്ജ്വല പ്രകടനമാണ് ഹാര്‍ദ്ദിക് പുറത്തെടുത്തത്. ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ പുറത്താകാതെ 23 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്. ബൗളിംഗില്‍ ഒരു വിക്കറ്റെടുക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക് പിഴുതത് മൂന്ന് വിക്കറ്റുകളാണ്. താരം എറിഞ്ഞ നാലോവറില്‍ ഒരെണ്ണം മെയ്ഡനുമായിരുന്നു.
പാകിസ്ഥാനെതിരെ നടന്ന അടുത്ത മത്സരത്തില്‍ ഹാര്‍ദ്ദിക് സ്വന്തമാക്കിയത് രണ്ട് വിക്കറ്റുകള്‍. യുഎസിനെതിരെ നടന്ന മത്സരത്തിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു.
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ 23 പന്തില്‍ 32 റണ്‍സ് ഹാര്‍ദ്ദിക് നേടി. രണ്ടോവര്‍ മാത്രമാണ് അഫ്ഗാനെതിരെ എറിഞ്ഞത്. വിക്കറ്റ് നേടാനായില്ല. തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ നടന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ ഹാര്‍ദ്ദിക്കായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പുറത്താകാതെ 27 പന്തില്‍ 50 റണ്‍സെടുത്ത ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ബംഗ്ലാദേശിന്റെ ഒരു വിക്കറ്റ് സ്വന്തമാക്കുക കൂടി ചെയ്തു. ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ താരം പുറത്താകാതെ 17 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ 13 പന്തില്‍ 23 റണ്‍സായിരുന്നു ഹാര്‍ദ്ദിക്കിന്റെ സംഭാവന. കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം നേടിയത് പുറത്താകാതെ രണ്ട് പന്തില്‍ അഞ്ച് റണ്‍സ്. ബൗളിംഗില്‍ പിഴുതെടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളും.