“ഞാനിപ്പോഴും ജീവനോടെയുണ്ട്, എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു”; വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്

ബുധനാഴ്ച രാവിലെയോടെയാണ് അര്‍ബുദ ബാധയെത്തുടര്‍ന്ന് ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചത്.

author-image
shafeek cm
New Update
heath streak

ഹരാരെ : സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച തന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ സിംബാബ്വെ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക്. താനിപ്പോഴും ജീവനോടെയുണ്ടെന്നും, വ്യാജ വാര്‍ത്തകളില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment

“പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും അസത്യവുമാണ് ആ വാര്‍ത്തകള്‍. ഞാന്‍ ജീവനോടെയുണ്ട്. എന്റെ വീട്ടില്‍ തന്നെ സുഖമായി ഇരിക്കുന്നു. ഞാന്‍ ക്യാന്‍സറില്‍ നിന്ന് വേഗം സുഖം പ്രാപിച്ച് വരികയാണ്. ആരെങ്കിലും പങ്ക്‌വയ്ക്കുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കപ്പെടാതെ പ്രചരിക്കുന്നതില്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. ഈ വാര്‍ത്ത് എന്നെ ഏറെ വേദനിപ്പിച്ചു”, സ്ട്രീക്ക് പറഞ്ഞു.

ബുധനാഴ്ച രാവിലെയോടെയാണ് അര്‍ബുദ ബാധയെത്തുടര്‍ന്ന് ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെ തുടര്‍ന്ന് സ്ട്രീക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹതാരങ്ങളായ ഷോണ്‍ വില്യംസും ഹെന്റി ഒലങ്കോയും ട്വീറ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇതിനെ തുടര്‍ന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം സ്ട്രീക്ക് മരിച്ചതായി വാര്‍ത്തകള്‍ നല്‍കി.

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ഒലോങ്ക തന്നെ സത്യം വ്യക്തമാക്കി ട്വീറ്റ് ചെയ്യുകയായിരുന്നു. സ്ട്രീക്കുമായി സംസാരിച്ചതിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ടുമായാണ് ഒലോങ്ക വിവരം പങ്ക് വച്ചത്. “ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു. ‘തേര്‍ഡ് അമ്പയര്‍’ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ട്”, ഒലോങ്ക കുറിച്ചു.

അതേസമയം വ്യാജ മരണ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ക്ഷമാപണവുമായി സ്‌പോര്‍ട്‌സ്റ്റാര്‍ അടക്കമുള്ള മാദ്ധ്യമങ്ങള്‍ രംഗത്ത് വന്നു.

heath streak
Advertisment