Advertisment

അഫ്ഗാനിസ്ഥാനോടേറ്റത് ഞെട്ടിക്കുന്ന തോല്‍വി; ഇന്ത്യന്‍ ഫുട്‌ബോളിന്റെ അമരത്ത് ഇഗോര്‍ സ്റ്റിമാച്ച് ഇനി എത്ര നാള്‍ തുടരും ? ജൂണില്‍ നടക്കുന്ന നിര്‍ണായക പോരാട്ടങ്ങളിലും സ്റ്റിമാച്ച് ടീമിനെ പരിശീലിപ്പിച്ചേക്കും; പരിശീലക സ്ഥാനത്തു നിന്നുള്ള പുറത്താക്കല്‍ അത്ര എളുപ്പമല്ല; കാരണം ഇതാണ്‌

ടീമിന്റെ പ്രകടനവുമായി ബന്ധപ്പെട്ടുള്ള  കാര്യങ്ങള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലും ചര്‍ച്ചയായെന്നാണ് സൂചന. അഫ്ഗാനിസ്ഥാനോടേറ്റ തോല്‍വിക്ക് ശേഷം സ്റ്റിമാച്ച് നടത്തിയ ചില പ്രതികരണങ്ങളില്‍ ഫെഡറേഷന്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്

New Update
igor stimac

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ നിരാശജനകമാണ്. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ടീം ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. ഇതോടെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ ഒഴിവാക്കണമെന്ന് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്.

Advertisment

ടീമിന്റെ പ്രകടനവുമായി ബന്ധപ്പെട്ടുള്ള  കാര്യങ്ങള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലും ചര്‍ച്ചയായെന്നാണ് സൂചന. സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ സാങ്കേതിക സമിതി ശുപാര്‍ശ ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന വിവരം.

കരാര്‍ പ്രശ്‌നങ്ങളാണ് പ്രധാന കാരണം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജൂണ്‍ ആറിന് കുവൈത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഏറെ നിര്‍ണായകമായ ഈ മത്സരത്തിന് അധികം സമയമില്ലാത്തതിനാല്‍ മുഖ്യപരിശീലകനെ നീക്കം ചെയ്യുന്നത് ഗുണകരമാകില്ലെന്നും ഫെഡറേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 11ന് ഖത്തറിനെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഈ രണ്ട് മത്സരങ്ങളിലും സ്റ്റിമാച്ച് പരിശീലക സ്ഥാനത്ത് തുടരാനാണ് സാധ്യതയെന്ന് പേരു വെളിപ്പെടുത്താത്ത ഫെഡറേഷനുമായി ബന്ധമുള്ള ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

2019ലാണ് രണ്ട് വര്‍ഷത്തെ കരാറില്‍ സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. 2022 ഒക്ടോബറില്‍ കരാര്‍ 2024 ജനുവരി വരെ നീട്ടി. പിന്നീട് കരാര്‍ 2026 ജൂണ്‍ വരെയും നീട്ടി. 

പ്രാരംഭ കരാറില്‍ മൂന്ന് മാസത്തെ നോട്ടീസ് പിരീഡ് നല്‍കുന്ന ഒരു വ്യവസ്ഥയുണ്ടായിരുന്നു (severance clause (9.1)). എന്നാല്‍ ഒക്ടോബറില്‍ പുതുക്കിയ കരാറില്‍ ഈ 'ക്ലോസ്' ഇല്ല. ഇതും സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കുന്നതിനെ ഒരു തടസമാണ്. 

പ്രതിമാസം 30,000 ഡോളറാണ് സ്റ്റിമാച്ചിന്റെ ശമ്പളം. മൂന്ന് മാസത്തെ നോട്ടീസ് കാലയളവിലുള്ള വ്യവസ്ഥ (severance clause)യുടെ അഭാവത്തില്‍ സ്റ്റിമാച്ചിനെ ഇപ്പോള്‍ പുറത്താക്കണമെങ്കില്‍ ഫെഡറേഷന് 750,000 ഡോളറിലധികം നല്‍കേണ്ടി വന്നേക്കാമെന്നും ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലോസ് ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് സാധ്യതകള്‍ ഫെഡറേഷന്‍ പരിശോധിച്ചേക്കാമെന്നും സൂചനയുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനോടേറ്റ തോല്‍വിക്ക് ശേഷം സ്റ്റിമാച്ച് നടത്തിയ ചില പ്രതികരണങ്ങളില്‍ ഫെഡറേഷന്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്. വൈസ് പ്രസിഡൻ്റ് എൻ എ ഹാരിസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മെൻല ഏത്തൻപ, അനിൽകുമാർ പ്രഭാകരൻ, ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങളായ ഐ എം വിജയൻ, ക്ലൈമാക്സ് ലോറൻസ് എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെ സ്റ്റിമാച്ചുമായി ചര്‍ച്ച നടത്താന്‍ ഫെഡറേഷന്‍ നിയോഗിച്ചു.



Advertisment