കാണ്‍പുര്‍: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശഭരിതമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റിന് 26 റണ്‍സ് എന്ന നിലയിലാണ്. ഏഴ് റണ്‍സുമായി ശദ്മന്‍ ഇസ്ലാമും, റണ്ണൊന്നുമെടുക്കാതെ മൊമിനുള്‍ ഹഖുമാണ് ക്രീസില്‍.
സക്കില്‍ ഹസന്‍ 10 റണ്‍സെടുത്തും, ഹസന്‍ മഹ്‌മൂദ് നാല് റണ്‍സുമായും പുറത്തായി. രവിചന്ദ്രന്‍ അശ്വിനാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. ശദ്മനെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം കെ.എല്‍. രാഹുല്‍ നഷ്ടപ്പെടുത്തി.
മഴ മൂലം ആദ്യ മൂന്ന് ദിവസത്തെ മത്സരങ്ങള്‍ രസംകൊല്ലിയായപ്പോള്‍, നാലാം ദിനം ലഭിച്ച അവസരം ഇന്ത്യ ശക്തമായി വിനിയോഗിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യ ഒമ്പത് വിക്കറ്റിന് 285 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
യഷ്വസി ജയ്‌സ്വാള്‍-51 പന്തില്‍ 72, കെഎല്‍ രാഹുല്‍-43 പന്തില്‍ 68, വിരാട് കോഹ്ലി-35 പന്തില്‍ 47, ശുഭ്മന്‍ ഗില്‍-36 പന്തില്‍ 39, രോഹിത് ശര്‍മ-11 പന്തില്‍ 23 എന്നിവര്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ചു. ബംഗ്ലാദേശിനു വേണ്ടി മെഹിദി ഹസന്‍ മിറാസും, ഷക്കിബ് അല്‍ ഹസനും നാല് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു.