Advertisment

ടി20 പരമ്പരയില്‍ ഇന്ത്യ മുന്നില്‍; മൂന്നാം മത്സരത്തില്‍ സിംബാബ്‌വെയെ തകര്‍ത്തത് 23 റണ്‍സിന്‌

കഴിഞ്ഞ മത്സരം കളിച്ച റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. സഞ്ജുവാണ് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍

New Update
ind vs zim 3rd t20

ഹരാരെ: അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ മൂന്നാമത്തെ കളിയില്‍ ഇന്ത്യയ്ക്ക് 23 റണ്‍സ് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റിന് 182 റണ്‍സെടുത്തു. സിംബാബ്‌വെയുടെ പോരാട്ടം 20 ഓവറില്‍ ആറു വിക്കറ്റിന് 159ല്‍ അവസാനിച്ചു. 

Advertisment

49 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ്-28 പന്തില്‍ 49, യഷ്വസി ജയ്‌സ്വാള്‍-27 പന്തില്‍ 36, മലയാളി താരം സഞ്ജു സാംസണ്‍-ഏഴ് പന്തില്‍ പുറത്താകാതെ 12 എന്നിവരും തിളങ്ങി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മ ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. സിംബാബ്‌വെയ്ക്കു വേണ്ടി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും, ബ്ലെസിംഗ് മുസറബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പുറത്താകാതെ 49 പന്തില്‍ 65 റണ്‍സെടുത്ത ഡിയോണ്‍ മെയേഴ്‌സാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ക്ലൈവ് മദാന്ദെ 26 പന്തില്‍ 37 റണ്‍െസടുത്തു. അഞ്ച് വിക്കറ്റിന് 39 റണ്‍സ് എന്ന നിലയില്‍ പതറിയ സിംബാബ്‌വെയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് ആറാം വിക്കറ്റിലെ ഇരുവരുടെയും കൂട്ടുക്കെട്ടാണ്. 

മൂന്ന് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദര്‍, രണ്ട് വിക്കറ്റെടുത്ത ആവേശ് ഖാന്‍, ഒരു വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദ് എന്നിവര്‍ ബൗളിംഗില്‍ തിളങ്ങി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയും, രണ്ടാമത്തേതില്‍ ഇന്ത്യയും വിജയിച്ചിരുന്നു. നാലാം മത്സരം ശനിയാഴ്ച നടക്കും. 

ലോകകപ്പ് ടീമംഗങ്ങളായ സഞ്ജു സാംസണ്‍, യഷ്വസി ജയ്‌സ്വാള്‍, ശിവം ദുബെയെ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. കഴിഞ്ഞ മത്സരം കളിച്ച റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. സഞ്ജുവാണ് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

 

Advertisment