അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ആധിപത്യം; അവസാന മത്സരത്തില്‍ 42 റണ്‍സ് ജയം; സിംബാബ്‌വെയ്ക്ക് ജയിക്കാനായത് ആദ്യ മത്സരത്തില്‍ മാത്രം; ഇന്ത്യയുടെ അടുത്ത ലക്ഷ്യം 'ലങ്കാദഹനം'

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ്

New Update
sanju samson ind vs zim

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ഇന്ന് നടന്ന അവസാന മത്സരത്തില്‍ 42 റണ്‍സിനാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ ആറു വിക്കറ്റിന് 167. സിംബാബ്‌വെ-18.3 ഓവറില്‍ 125ന് പുറത്ത്.

Advertisment

അന്താരാഷ്ട്ര ടി20യിലെ തന്റെ രണ്ടാം അര്‍ധസെഞ്ചുറി സ്വന്തമാക്കിയ മലയാളിതാരവും വൈസ് ക്യാപ്റ്റനുമായ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 45 പന്തില്‍ 58 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. നാല് സിക്‌സുകളും, ഒരു ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിംഗ്.

ശിവം ദുബെ-12 പന്തില്‍ 26, റിയാന്‍ പരാഗ്-24 പന്തില്‍ 22, അഭിഷേക് ശര്‍മ-11 പന്തില്‍ 14, ശുഭ്മാന്‍ ഗില്‍-14 പന്തില്‍ 13, യഷ്വസി ജയ്‌സ്വാള്‍-അഞ്ച് പന്തില്‍ 12, റിങ്കു സിംഗ്-പുറത്താകാതെ ഒമ്പത് പന്തില്‍ 11, വാഷിങ്ടണ്‍ സുന്ദര്‍-പുറത്താകാതെ ഒരു പന്തില്‍ ഒന്ന്‌ എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

സിംബാബ്‌വെയ്ക്കു വേണ്ടി ബ്ലെസിംഗ് മുസറബാനി രണ്ട് വിക്കറ്റും, സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് എന്‍ഗാര്‍വ, ബ്രാന്‍ഡ്ന്‍ മവുട്ട എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.  

നാല് വിക്കറ്റെടുത്ത മുകേഷ് കുമാര്‍, രണ്ട് വിക്കറ്റെടുത്ത ശിവം ദുബെ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങി.

32 പന്തില്‍ 34 റണ്‍സെടുത്ത ഡിയോണ്‍ മെയേഴ്‌സാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 13 പന്തില്‍ 27 റണ്‍സെടുത്ത ഫറസ് അക്രം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ആതിഥേയരായ സിംബാബ്‌വെയ്ക്ക് ജയിക്കാനായത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയാണ് ടി20യിലെ ഇന്ത്യയുടെ അടുത്ത ദൗത്യം. ജൂലൈ 27ന് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കും.

Advertisment