/sathyam/media/media_files/xQD4Qq6eYiis7nQuTbcO.jpg)
ബെംഗളൂരു: വനിതാ ക്രിക്കറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് 143 റണ്‍സിന്. ഏകദിന അരങ്ങേറ്റത്തില്‍ കിടിലം പ്രകടനം പുറത്തെടുത്ത മലയാളിതാരം ആശ ശോഭനയും, സെഞ്ചുറി നേടിയ സ്മൃതി മന്ദാനയും ഇന്ത്യയ്ക്കായി തിളങ്ങി. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ എട്ട് വിക്കറ്റിന് 265. ദക്ഷിണാഫ്രിക്ക-37.4 ഓവറില്‍ 122ന് പുറത്ത്.
127 പന്തില്‍ 117 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ-48 പന്തില്‍ 37, പൂജ വസ്ത്രകര്‍-പുറത്താകാതെ 42 പന്തില്‍ 31 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അയബോങ്ക ഖാക്ക മൂന്ന് വിക്കറ്റും, മസബാറ്റ ക്ലാസ് രണ്ട് വിക്കറ്റും വീഴ്ത്തി.
58 പന്തില്‍ 33 റണ്‍സെടുത്ത സുനെ ലൂസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ആദ്യ അന്താരാഷ്ട്ര ഏകദിനം കളിക്കുന്ന ആശ ശോഭന 8.4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് പിഴുതത്. ആശ എറിഞ്ഞ രണ്ടോവര്‍ മെയ്ഡനായിരുന്നു. ദീപ്തി ശര്‍മ രണ്ട് വിക്കറ്റും, രേണുക സിംഗ്, പൂജ വസ്ത്രകര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.