ചെന്നൈ: മൂന്ന് മത്സരങ്ങളുടെ വനിതാ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 10 വിക്കറ്റിനാണ് ആതിഥേയര്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-17.1 ഓവറില്‍ 84. ഇന്ത്യ-10.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 88.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്ന് ബാറ്റര്‍ക്ക് മാത്രമാണ് രണ്ടക്കമെങ്കിലും കടക്കാനായത്. 23 പന്തില്‍ 20 റണ്‍സെടുത്ത തസ്മിന്‍ ബ്രിട്ട്‌സാണ് ടോപ് സ്‌കോറര്‍. നാല് വിക്കറ്റെടുത്ത പൂജ വസ്ത്രകര്‍, മൂന്ന് വിക്കറ്റെടുത്ത രാധ യാദവ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ അരുന്ധതി റെഡ്ഢി, ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍ എന്നിവരുടെ ഉജ്ജ്വല ബൗളിംഗാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും (40 പന്തില്‍ 54), ഷഫാലി വര്‍മയും (25 പന്തില്‍ 27) പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടെസ്റ്റ് പരമ്പര 1-0നും, ഏകദിന പരമ്പര 3-0നും ഇന്ത്യ സ്വന്തമാക്കിയിരുന്നു.