ഇസ്ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ വരണമെന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. മുൻകാലങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാനിലെ ആതിഥ്യം ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ എത്തിയാല്‍ വിരാട് കോഹ്ലിയാകും ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ ടീമിനെ സ്വാഗതം ചെയ്യുന്നു. പാകിസ്ഥാൻ ടീമിനൊപ്പം ഇന്ത്യയിൽ പര്യടനം നടത്തിയപ്പോഴെല്ലാം തനിക്ക് ഒരുപാട് ബഹുമാനവും സ്നേഹവും ലഭിച്ചിട്ടുണ്ട്. അതുപോലെ, 2005-ൽ ഇന്ത്യ ഇവിടെയെത്തിയപ്പോൾ അവർക്ക് ഒരുപാട് ബഹുമാനവും സ്നേഹവും ലഭിച്ചു. സ്‌പോർട്‌സിനെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാര്‍ പാകിസ്ഥാനിലേക്കും, പാകിസ്ഥാനികള്‍ ഇന്ത്യയിലേക്കും വരുന്നതിലും മനോഹരമായി മറ്റെന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിരാട് കോഹ്‌ലി പാകിസ്ഥാനിൽ വന്നാൽ ഇന്ത്യയുടെ സ്‌നേഹവും ആതിഥ്യമര്യാദയും മറക്കും. പാകിസ്ഥാനില്‍ അദ്ദേഹത്തിന് ആരാധകരുണ്ട്. കോഹ്ലി തന്റെ പ്രിയപ്പെട്ട താരമാണെന്നും അഫ്രീദി കൂട്ടിച്ചേർത്തു.