മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കുന്ന ക്രിക്കറ്റ് താരങ്ങൾക്കുള്ള പുതിയ മാച്ച് ഫീ ഘടന ശനിയാഴ്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. കളിക്കാർക്ക് അവരുടെ നിലവിലുള്ള കരാർ തുകയ്‌ക്ക് പുറമേ പങ്കെടുക്കുന്ന ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം ലഭിക്കും.
സീസണിലെ എല്ലാ ലീഗ് മത്സരങ്ങളിലും പങ്കെടുക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന് 1.05 കോടി രൂപ അധികമായി നൽകേണ്ടി വരും.
“ക്രിക്കറ്റ് താരങ്ങള്‍ക്കായി ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ മാച്ച് ഫീ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒരു സീസണിൽ എല്ലാ ലീഗ് മത്സരങ്ങളും കളിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന് കരാർ ചെയ്ത തുകയ്ക്ക് പുറമെ 1.05 കോടി രൂപ ലഭിക്കും. ഓരോ ഫ്രാഞ്ചൈസിയും സീസണിൽ മാച്ച് ഫീയായി 12.60 കോടി രൂപ അനുവദിക്കും. ഇത് ഐപിഎല്ലിനും ഞങ്ങളുടെ താരങ്ങള്‍ക്കും ഒരു പുതിയ യുഗമാണ്!” ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.