/sathyam/media/media_files/MIQEU94jRoXmtWNVKqw5.jpg)
ചെന്നൈ: പ്ലേ ഓഫ് പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചു. മെയ് 26ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ഹൈദരാബാദ് നേരിടുന്നത്. ഇന്ന് നടന്ന പ്ലേ ഓഫില്‍ രാജസ്ഥാനെ 36 റണ്‍സിനാണ് ഹൈദരാബാദ് തകര്‍ത്തത്. സ്‌കോര്‍: ഹൈദരാബാദ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 175. രാജസ്ഥാന്‍-20 ഓവറില്‍ ഏഴ് വിക്കറ്റിന് 139.
പുറത്താകാതെ 35 പന്തില്‍ 56 റണ്‍സെടുത്ത ധ്രുവ് ജൂറലും, 21 പന്തില്‍ 42 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാളും മാത്രമാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (11 പന്തില്‍ 10) അടക്കമുള്ള മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ഇംപാക്ട് പ്ലെയറായെത്തി മികച്ച പ്രകടനം പുറത്തെടുത്ത ഷഹ്ബാസ് അഹമ്മദാണ് രാജസ്ഥാന്‍ നിരയെ നിഷ്പ്രഭമാക്കിയത്. താരം മൂന്ന് വിക്കറ്റ് പിഴുതു. അഭിഷേക് ശര്‍മ രണ്ട് വിക്കറ്റും, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും, ടി. നടരാജനും ഓരോന്ന് വീതവും വീഴ്ത്തി.
34 പന്തില്‍ 50 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസണ്‍, 15 പന്തില്‍ 37 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 28 പന്തില്‍ 34 റണ്‍സെടുത്ത ട്രാവിസ് ഹെഡ് എന്നിവരുടെ ബാറ്റിംഗാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും ആവേശ് ഖാനും, രണ്ട് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശര്‍മയും രാജസ്ഥാനു വേണ്ടി തിളങ്ങി. ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ അഭിഷേക് ശര്‍മയെ പുറത്താക്കി ബോള്‍ട്ട് മികച്ച തുടക്കമാണ് രാജസ്ഥാന് സമ്മാനിച്ചത്. അഞ്ച് പന്തില്‍ 12 റണ്‍സായിരുന്നു അഭിഷേകിന്റെ സമ്പാദ്യം. ബോള്‍ട്ട് മൂന്ന് വിക്കറ്റും കൊയ്തത് പവര്‍പ്ലേയിലായിരുന്നു.