കാന്‍സറിനെ തോല്‍പിച്ച് ക്രിക്കറ്റിലേക്ക്, പാക് പ്രതീക്ഷകളുടെ ചിറകരിഞ്ഞ 'ഐതിഹാസിക' പ്രകടനം; മാത്യു വെയ്ഡ് എന്ന പോരാളി

കളിക്കളത്തില്‍ മാത്രമല്ല ജീവിതത്തിലും പോരാളിയായിരുന്നു വെയ്ഡ്

New Update
matthew wade

തീയതി-2021 നവംബര്‍ 11. സ്ഥലം-ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം. ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ നേടിയത് 176 റണ്‍സ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 12.2 ഓവറില്‍ 96 റണ്‍സില്‍ എത്തിയപ്പോഴേക്കും നഷ്ടപ്പെട്ടത് അഞ്ച് വിക്കറ്റുകള്‍.

Advertisment

പാക് താരങ്ങളും, ആരാധകരും ആശ്വാസം കണ്ടെത്തിയ സമയം. കാരണം ഓസീസ് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം കൂടാരം കയറി. ക്രീസിലുള്ളത് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്. ഇനി ക്രീസിലെത്താനുള്ളത് ടി20യില്‍ അത്രമേല്‍ അത്ഭുതങ്ങള്‍ പുറത്തെടുത്തിട്ടില്ലാത്ത മാത്യു വെയിഡും, ചില ബൗളര്‍മാരും.

അവശേഷിക്കുന്ന 44 പന്തില്‍ ഓസീസിന് ഇനി കണ്ടെത്തേണ്ടത് 81 റണ്‍സ്. അവശേഷിക്കുന്നതാകട്ടെ അഞ്ച് വിക്കറ്റുകള്‍ മാത്രവും. താരതമ്യേന വലിയ വിജയലക്ഷ്യത്തിലേക്ക് ഓസീസ് ചെന്നെത്തില്ലെന്ന് പാക് താരങ്ങള്‍ അന്ന് ആശ്വസിച്ചിരുന്നിരിക്കാം. ടി20 ലോകകപ്പിലെ ഫൈനല്‍ മോഹങ്ങള്‍ അവരില്‍ തല്‍ക്കാലമെങ്കിലും പൂവണിഞ്ഞിരിക്കാം.

എന്നാല്‍ പാക് പ്രതീക്ഷകളുടെ ചിറകരിയാന്‍ രണ്ടും കല്‍പിച്ചിറങ്ങിയ മാത്യു വെയ്ഡിനെയാണ് അന്ന് ദുബായ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്‌റ്റോയിനിസിനെ കൂട്ടുപിടിച്ച് പാക് പന്തുകളെ വെയ്ഡ് തലങ്ങും വിലങ്ങും പറത്തി. 

അവസാന രണ്ടോവറില്‍ മാത്രം ഓസീസിന് വേണ്ടത് 22 റണ്‍സായിരുന്നു. എന്നാല്‍ ഷാഹിന്‍ അഫ്രീദി എറിഞ്ഞ 19-ാം ഓവര്‍ മാത്രം മതിയായിരുന്നു ഓസീസിന് വിജയലക്ഷ്യം മറികടക്കാന്‍. ആ ഓവറിലെ അവസാന നാലു പന്തില്‍ വെയ്ഡ് മാത്രം അടിച്ചുകൂട്ടിയത് 20 റണ്‍സ്. ഒരു ഓവര്‍ കൂടി അവശേഷിക്കെ പാക് സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴത്തി ഓസീസ് അവിശ്വസനീയമായി ഫൈനലിലെത്തി. കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് കിരീടവും ചൂടി.

സെമിയില്‍ പുറത്താകാതെ 17 പന്തില്‍ 41 റണ്‍സാണ് മാത്യു വെയ്ഡ് നേടിയത്. അതും നാല് സിക്‌സറുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെ. 19-ാം ഓവറില്‍ 22 റണ്‍സ് വഴങ്ങിയതിന്റെ മനോവേദനയില്‍ തലകുനിച്ച് നടന്നകന്ന ഷഹീന്‍ അഫ്രീദിയെയും, കിരീടനഷ്ടത്തിന്റെ നിരാശയില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ മറ്റ്‌ പാക് താരങ്ങളെയും മത്സരം ലൈവായി കണ്ട ആരാധകര്‍ക്ക് മറക്കാനാകില്ല. ഒപ്പം, പാക് താരങ്ങള്‍ക്ക് ആ തീരാവേദന സമ്മാനിച്ച ഓസീസിന്റെ മാത്യു വെയ്ഡിനെയും.

ഒറ്റ മത്സരം കൊണ്ട് സംഭവബഹുലമായ എപ്പിസോഡുകളുടെ വലിയൊരു അധ്യായം എഴുതിച്ചേര്‍ത്ത കരിയറിനാണ് കഴിഞ്ഞ ദിവസം മാത്യു വെയ്ഡ് വിരാമം കുറിച്ചത്. ക്രിക്കറ്റ് കരിയറില്‍ ഹീറോയിസത്തിന്റെ ഒരു പാട് കഥകളൊന്നും പറയാന്‍ വെയ്ഡിന് ഉണ്ടാകില്ല. എന്നാല്‍ ടി20 ലോകകപ്പിലെ സെമിയിലെ ആ ഒറ്റ പോരാട്ടം മതി ലോകക്രിക്കറ്റില്‍ മാത്യു വെയ്ഡ് എന്ന പോരാളിയെ അടയാളപ്പെടുത്താന്‍.

ജീവിതത്തിലും പോരാളി

കളിക്കളത്തില്‍ മാത്രമല്ല ജീവിതത്തിലും പോരാളിയായിരുന്നു വെയ്ഡ്. 16-ാം വയസില്‍ താരത്തെ ടെസ്റ്റികുലര്‍ ക്യാന്‍സര്‍ ബാധിച്ചിരുന്നു. രോഗത്തോട് അദ്ദേഹം ധീരമായി പടപൊരുതി. ഒടുവില്‍ കീമോതെറാപ്പിയിലൂടെ ക്യാന്‍സറിനെ തൊല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒപ്പം ക്രിക്കറ്റിലേക്കും.

വര്‍ണാന്ധതയും താരത്തിനെ ബാധിച്ചിട്ടുണ്ട്. ചില നിറത്തിലുള്ള പന്തുകള്‍ തിരിച്ചറിയാനാകാതെ ഇത് തന്നെ ക്രിക്കറ്റ് മൈതാനത്ത് കുഴപ്പിച്ചിട്ടുണ്ടെന്ന് വെയ്ഡ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയോടേറ്റ തോല്‍വി

ഈ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യയോട് ഓസ്‌ട്രേലിയ പരാജയപ്പെട്ടപ്പോഴാണ് താന്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചതെന്ന് വെയ്ഡ് പ്രതികരിച്ചു. അത് ഒരു വൈകാരിക നിമിഷമായിരുന്നുവെന്നും കരിയറിന്റെ അവസാനമായെന്ന് ചിന്തിച്ചതും അന്നാണെന്നും താരം പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 36-ാം വയസില്‍ വിരമിച്ചെങ്കിലും വെയ്ഡിനെ 'വെറുതെവിടാന്‍' ഓസ്‌ട്രേലിയ തയ്യാറല്ല. ഓസീസ് ടീമിന്റെ പരിശീലകസംഘത്തില്‍ വെയ്ഡിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റില്‍ വെയ്ഡ് തുടര്‍ന്നും കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment