ജയ്പുര്‍: ഓരോ സിക്‌സിനും ആറു വീടുകള്‍ക്ക് സോളാര്‍ എനര്‍ജി ! ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന പോരാട്ടത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവച്ച 'പിങ്ക് പ്രോമീസി'ന് സാമൂഹ്യസേവനത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു. രാജസ്ഥാനിലെ വീടുകളില്‍ സോളാര്‍ വൈദ്യുതി എത്തിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി ടീമിന്റെ സാമൂഹ്യ സേവന വിഭാഗമായ റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷന്‍ (ആര്‍ആര്‍എഫ്) ആണ് ഈ ആശയം മുന്നോട്ടുവച്ചത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനം.
അതുകൊണ്ട് തന്നെ, ശനിയാഴ്ച നടന്ന ആര്‍സിബി-ആര്‍ആര്‍ പോരാട്ടത്തില്‍ പാഞ്ഞ സിക്‌സറുകള്‍ക്കെല്ലാം ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. രാജസ്ഥാനിലെ നിരവധി കുടുംബങ്ങള്‍ക്ക് പ്രത്യാശങ്ങള്‍ സമ്മാനിച്ചാണ് ഓരോ സിക്‌സറുകളും പിറന്നത്.
ആര്‍സിബി 7, ആര്‍ആര്‍ 6
'പിങ്ക് പ്രോമീസ്' രാജസ്ഥാന്റേതായിരുന്നെങ്കിലും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത് ആര്‍സിബി. ആര്‍സിബി ഏഴ് സിക്‌സറുകള്‍ പായിച്ചപ്പോള്‍, രാജസ്ഥാന്‍ ബാറ്റര്‍മാര്‍ അടിച്ചത് ആറു സിക്‌സറുകള്‍. മത്സരത്തില്‍ മൊത്തം പിറന്നത് 13 സിക്‌സറുകള്‍. അതായത്, 78 കുടുംബങ്ങള്‍ക്ക് സോളാര്‍ എനര്‍ജി.
കോഹ്ലി തുടങ്ങി, ബട്ട്‌ലര്‍ പൂര്‍ത്തിയാക്കി
ആദ്യ സിക്‌സര്‍ വിരാട് കോഹ്ലി വക. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ പന്താണ് കോഹ്ലി അതിര്‍ത്തി കടത്തിയത്. നാല് സിക്‌സറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറും നാല് സിക്‌സറുകള്‍ അടിച്ചു. അവസാന സിക്‌സറും ബട്ട്‌ലര്‍ വകയായിരുന്നു.
ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരായ ഫാഫ് ഡു പ്ലെസിസും, സഞ്ജു സാംസണും രണ്ട് സിക്‌സറുകള്‍ വീതം അടിച്ചു. ആര്‍സിബിയുടെ പുതുമുഖ താരം സൗരവ് ചാഹൗനും അടിച്ചു ഒരെണ്ണം.
പിങ്ക് ഔട്ട്ഫിറ്റ്
സ്ത്രീശാക്തീകരണം എന്ന സന്ദേശമുയര്‍ത്തി പ്രത്യേക പിങ്ക് ഔട്ട്ഫിറ്റിലാണ് ജയ്പുരിലെ സവായ് മാന്‍സിംഗ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്. പിങ്ക് പ്രോമിസ് മത്സരത്തിന്‍റെ ഓരോ ജേഴ്‌സിയും വിറ്റുകിട്ടുന്ന വരുമാനം ടീം റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷന് കൈമാറും.