/sathyam/media/media_files/idFQvRCnH1AaJWXI7UGc.jpg)
rishab pant
ബെംഗളൂരൂ:പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ഫിറ്റ്‌നസ് അപ്‌ഡേറ്റ് ബിസിസിഐ പുറത്തുവിട്ടതിന് പിന്നാലെ റിഷഭ് പന്തിന്‍റെ കാര്യത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ലളിതമായ വര്‍ക്കൗട്ടുകള്‍ ആരംഭിച്ചുവെങ്കിലും റിഷഭിന് 2024ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മാത്രമേ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകൂ എന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.
2022 ഡിസംബറില്‍ നടന്ന കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. ഇതിന് ശേഷം മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ താരം ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ്. ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വച്ച് ഏകദിന ലോകകപ്പ് നടക്കാനിരിക്കേ റിഷഭ് കളിക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
വിക്കറ്റ് കീപ്പര്‍ കൂടിയ റിഷഭ് ഇന്ത്യന്‍ ടീമിന്‍റെ എക്‌സ് ഫാക്‌ടറായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന പുതിയ സൂചന അനുസരിച്ച് 2024 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് റിഷഭ് പന്തിന്‍റെ മടങ്ങിവരവിനായി മനസിലുള്ളത്. 2022 ഡിസംബറിലാണ് റിഷഭ് പന്ത് അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്.
റിഷഭ് പന്തിന് പുറമെ ശ്രേയസ് അയ്യര്‍, ജസ്‌പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങളും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ്. റിഷഭ് പന്ത് വേഗം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായും നെറ്റ്‌സില്‍ ബാറ്റിംഗും കീപ്പിംഗും നേരിയ തോതില്‍ ആരംഭിച്ചതായും താരത്തിനായി പ്രത്യേക പരിശീലന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത് എന്നും ഇന്നലെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്.