Advertisment

സഞ്ജുവടക്കം മൂന്ന് താരങ്ങളെ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയത് എന്തിന് ? കാരണം ബാര്‍ബഡോസിലെ ചുഴലിക്കാറ്റ് മാത്രമല്ല ! സംഭവം ഇങ്ങനെ

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് സഞ്ജു സാംസണ്‍, യഷ്വസി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരെ ബിസിസിഐ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചു

New Update
1 sanju samson

ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് സഞ്ജു സാംസണ്‍, യഷ്വസി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരെ ബിസിസിഐ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചു. ടി20 കിരീടം നേടിയ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാത്ത സഞ്ജുവിനെയും, ജയ്‌സ്വാളിനെയും ഒഴിവാക്കിയത് എന്തിനാണെന്നാണ് ആരാധകരുടെ സംശയം.

Advertisment

ബാര്‍ബഡോസില്‍ ചുഴലിക്കാറ്റ് മൂലം ടി20 കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര മുടങ്ങിയതാണ് ഇതിന് പ്രധാന കാരണം. അങ്ങനെയെങ്കില്‍ റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന റിങ്കു സിംഗിനെയും, ഖലീല്‍ അഹമ്മദിനെയും ഈ പ്രശ്‌നം ബാധിക്കാത്തത് എന്തുകൊണ്ടാണെന്നും ചില ആരാധകര്‍ സംശയം ഉന്നയിച്ചു.

ടി20 ജേതാക്കളായ ഇന്ത്യന്‍ ടീമിനെ ആദരിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതാണ് പ്രധാന കാരണം. 15 അംഗ ടീമിലുണ്ടായിരുന്ന താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരെയാണ് ബിസിസിഐ ആദരിക്കുന്നത്. ഇതില്‍ റിസര്‍വ് പട്ടികയിലുണ്ടായിരുന്ന താരങ്ങള്‍ ഉള്‍പ്പെടില്ല. അതുകൊണ്ട് തന്നെ റിങ്കുവും ഖലീലും ബാര്‍ബഡോസില്‍ നിന്ന് നേരിട്ട് സിംബാബ്‌വെയിലെത്തും. ഇതിന് പുറമെ പ്രധാനമന്ത്രിയും, രാഷ്ട്രപതിയും ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കിയേക്കുമെന്ന് സൂചനയുണ്ട്.

ഈ സാഹചര്യങ്ങള്‍ മൂലമാണ് സഞ്ജുവടക്കം മൂന്ന് താരങ്ങളെ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ രണ്ട് ടി20യില്‍ നിന്ന് ഒഴിവാക്കിയത്. ജൂലൈ 6, 7 ദിവസങ്ങളിലാണ് ആദ്യ രണ്ട് ടി20 മത്സരങ്ങളും നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ താരങ്ങള്‍ക്ക് ആദ്യ രണ്ട് മത്സരങ്ങളുടെ ഭാഗമാകാന്‍ സാധിക്കില്ല.

എന്നാല്‍ മൂന്നാം ടി20 മത്സരം നടക്കുന്നത് ജൂലൈ 10ന് ആയതിനാല്‍ ഇവര്‍ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാകും. സായ് സുദര്‍ശനാണ് ജയ്‌സ്വാളിന്റെ പകരക്കാരന്‍. ജിതേഷ് ശര്‍മ സഞ്ജുവിന് പകരമായി ടീമിലെത്തി. ഹര്‍ഷിത് റാണയാണ് ശിവം ദുബെയ്ക്ക് പകരമായി ടീമിലെത്തിയത്.

സിംബാബ്‌വെ പരമ്പരയില്‍ എന്തായാലും മൂന്ന് മത്സരങ്ങള്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കും. ഈ അവസരം മുതലാക്കിയാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ താരത്തിന് സ്ഥിരം സാന്നിധ്യമാകാന്‍ സാധ്യതയേറും. 

ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീം തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ചുഴലിക്കാറ്റ് മൂലം വിമാനത്താവളം അടച്ചതിനാല്‍ യാത്ര മുടങ്ങി. ബാര്‍ബഡോസില്‍ നിന്ന് ന്യുയോര്‍ക്കിലെത്തി അവിടെ നിന്ന് ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആ പദ്ധതി മുടങ്ങിയ സ്ഥിതിക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യന്‍ ടീമിനെ ഉടന്‍ രാജ്യത്തെത്തിക്കാനാണ് ബിസിസിഐയുടെ നീക്കം. ഇന്ത്യന്‍ ടീം ഇന്നോ നാളെയും രാജ്യത്തെത്തും.

Advertisment