ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷം അടുത്ത ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പ് ഇന്ത്യന്‍ ടീം ആരംഭിച്ചുകഴിഞ്ഞു. 2026ല്‍ ഇന്ത്യയിലാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ഇതിനായി മികച്ച ഒരു യുവടീമിനെ കെട്ടിപ്പടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.
സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു സാംസണ്‍ അടുത്ത ലോകകപ്പിലും ഉണ്ടാകണമെന്നാണ് ആരാധകരുടെ ആഗ്രഹം.
എന്നാല്‍ സഞ്ജു അടുത്ത ടി20 ലോകകപ്പ് കളിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയുടെ അഭിപ്രായം. നിലവില്‍ സഞ്ജുവിന് 29 വയസുണ്ട്. അടുത്ത ടി20 ലോകകപ്പില്‍ താരത്തിന് പ്രായം 31 ആകും. അതുകൊണ്ട് തന്നെ സഞ്ജുവിനെ മാനേജ്‌മെന്റ് പരിഗണിക്കില്ലെന്നാണ് മിശ്ര പറയുന്നത്.
"എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹത്തിന് ഇപ്പോള്‍ പ്രായമായി. ടീമില്‍ നിരവധി യുവതാരങ്ങളുണ്ട്. ടി20യിൽ യുവ കളിക്കാർ കൂടുതൽ പ്രകടനം നടത്തുന്നു, ഇന്ത്യയ്ക്ക് അവരെ കൂടുതൽ ആവശ്യമുണ്ട്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് നിരവധി പേരാണ് മത്സരിക്കുന്നത്. റിഷഭ് പന്ത് ഇതിനകം തന്നെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ബാറ്ററാണ്. കൂടുതൽ യുവതാരങ്ങൾ കാത്തിരിക്കുന്നതിനാൽ സഞ്ജുവിന് സാധ്യതകള്‍ കുറവാണ്," മിശ്ര, ശുഭങ്കർ ഗുപ്തയുടെ യൂട്യൂബ് ഷോയായ 'അൺപ്ലഗ്ഡ്'-ൽ പറഞ്ഞു.
"സഞ്ജുവിന് അവസരം ലഭിക്കാന്‍ അസാമാന്യ പ്രകടനം പുറത്തെടുക്കേണ്ടി വരും. ഇപ്പോൾ അദ്ദേഹം ടീമിലുണ്ടെങ്കിൽ രണ്ടു വർഷത്തിനു ശേഷം നടക്കുന്ന അടുത്ത ലോകകപ്പ് വരെ അവിടെ തുടരാനാകണം. അപ്പോള്‍ അദ്ദേഹം പരിഗണിക്കപ്പെടും. അല്ലെങ്കില്‍ അത് ബുദ്ധിമുട്ടാകും. കാരണം നിരവധി യുവതാരങ്ങള്‍ കാത്തിരിക്കുന്നു," അദ്ദേഹം പറഞ്ഞു.