/sathyam/media/media_files/0e869aKcL5i42sAE1o8L.jpg)
ഹരാരെ: ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. സിക്കന്ദര്‍ റാസയാണ് ക്യാപ്റ്റന്‍. ടീമില്‍ നിരവധി പുതുമുഖങ്ങളുണ്ട്. ബെൽജിയം വംശജനായ ആൻ്റം നഖ്‌വിയെ ടീമിൽ ഉൾപ്പെടുത്തി. എന്നാല്‍ പൗരത്വ പദവി സ്ഥിരീകരിച്ചതിന് ശേഷമാകും അദ്ദേഹത്തെ അന്തിമ ടീമിന്റെ ഭാഗമാക്കൂവെന്ന് സിംബാബ്‌വെ ക്രിക്കറ്റ് അറിയിച്ചു.
പാക് സ്വദേശികളുടെ മകനായി ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് നഖ്‌വി ജനിച്ചത്. പിന്നീട് ഓസ്‌ട്രേലിയയിലേക്ക് പോയി. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകണമെന്നുള്ള താല്‍പര്യത്തില്‍ താരം പൗരത്വത്തിന് അപേക്ഷിച്ചിരുന്നു.
പുതിയ പരിശീലകന്‍ ജസ്റ്റിന്‍ സാമ്മണ്‍സിന്റെ കീഴില്‍ ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവാണ് സിംബാബ്‌വെ ലക്ഷ്യമിടുന്നത്. പുതുമുഖങ്ങളെ ടീമില്‍ ഭാഗമാക്കി അവരെ മികച്ച താരങ്ങളാക്കുകയാണ് ലക്ഷ്യം. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പില്‍ യോഗ്യത നേടാന്‍ ടീമിന് സാധിച്ചിരുന്നില്ല.
സിക്കന്ദര്‍ റാസയ്ക്ക് പുറമെ, ലൂക്ക് ജോങ്‌വെ, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസറബാനി തുടങ്ങിയവര്‍ മാത്രമാണ് ടീമിലെ പരിചയസമ്പന്നര്‍. മുതിര്‍ന്ന താരങ്ങളായ ക്രെയ്ഗ് എര്‍വിന്‍, സീന്‍ വില്യംസ് എന്നിവരെയും ഒഴിവാക്കി. റിയാന്‍ ബുളിനെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
സിംബാബ്‌വെ ടീം: സിക്കന്ദർ റാസ (ക്യാപ്റ്റൻ), അക്രം ഫറാസ്, ബെന്നറ്റ് ബ്രയാൻ, കാംബെൽ ജോനാഥൻ, ടെൻഡായി ചതാര, ലൂക്ക് ജോങ്‌വെ, ഇന്നസെൻ്റ് കൈയ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധേവെരെ, തടിവനാഷെ മരുമണി, വെല്ലിംഗ്ടൺ മസകാഡ്‌സ, ബ്രാൻഡൻ മാവുത, ബ്ലെസിംഗ് മുസാറബാനി, മിയേഴ്‌സ് ഡിയോൺ, നഖ്‌വി ആൻ്റം, റിച്ചാർഡ് നഗാരവ, മിൽട്ടൺ ഷുംബാ.
ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലാണ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഭിഷേക് ശര്‍മ, ധ്രുവ് ജൂറല്‍, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ടി20 ടീമിലെ പുതുമുഖങ്ങളാണ്.
ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍, യഷ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ധ്രുവ് ജൂറല്‍, ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജൂലൈ ആറിനാണ്. 7, 10, 13, 14 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് എല്ലാ മത്സരങ്ങളും ആരംഭിക്കും.