പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പൂര്‍ണമായും അടച്ചിട്ട സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ ഔദ്യോഗിക അഭ്യര്‍ത്ഥനകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ടീം ഇന്ത്യ.
പെർത്തിലെ ഡബ്ല്യുഎസിഎയിൽ അടച്ചിട്ട സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പരിശീലന സെഷനുകൾ പുറമേ നിന്നുള്ളവര്‍ കാണരുതെന്ന് ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നതായും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ബിസിസിഐ വൃത്തങ്ങള്‍ നിഷേധിച്ചു.
ക്ലോസ്ഡ് ഡോര്‍ പ്രാക്ടീസിന് ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ, ഓസ്‌ട്രേലിയൻ മാധ്യമങ്ങൾക്ക് എത്ര സമയം വേണമെങ്കിലും പരിശീലന സെഷൻ കാണാനും കവർ ചെയ്യാനും കഴിയും. ഇതുവരെ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.