ശ്രീലങ്കയ്‌ക്കെതിരായ പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടി20യില്‍ സൂര്യകുമാര്‍ ക്യാപ്റ്റന്‍; ഏകദിനത്തില്‍ രോഹിത് നയിക്കും; സഞ്ജു ടി20യില്‍ മാത്രം, മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഏകദിനത്തില്‍ നിന്ന് പുറത്ത്; സര്‍പ്രൈസ് എന്‍ട്രിയായി റിയാന്‍ പരാഗ്; ശ്രേയസ് അയ്യര്‍ തിരിച്ചെത്തി

ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ ഏകദിനത്തില്‍ നയിക്കും

New Update
rohit sharma suryakumar yadav

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ ഏകദിനത്തില്‍ നയിക്കും. ശുഭ്മാന്‍ ഗില്ലാണ് ഏകദിന, ടി20 ടീമുകളില്‍ ഉപനായകന്‍. മലയാളിതാരം സഞ്ജു സാംസണ്‍ ടി20 ടീമിലുണ്ട്.

Advertisment

 റിയാന്‍ പരാഗും, ഹര്‍ഷിത് റാണയും ഏകദിന ടീമിലെ പുതുമുഖങ്ങളാണ്. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യറെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. താരം വീണ്ടും കരാറില്‍ ഉള്‍പ്പെട്ടേക്കും. ഏകദിനത്തില്‍ കെ.എല്‍. രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ടി20യില്‍ ഋഷഭ് പന്തും.

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച റുതുരാജ് ഗെയ്ക്വാദ്, പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മ എന്നിവര്‍ ടി20 ടീമിലുള്‍പ്പെടാത്തത് അപ്രതീക്ഷിതമായി.

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും റിയാന്‍ പരാഗിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. താരം ഏകദിന ടീമിലും 'സര്‍പ്രൈസ് എന്‍ട്രി'യായി. ഹര്‍ഷിത് റാണയാണ് ഏകദിനത്തിലെ മറ്റൊരു പുതുമുഖം.

ഗൗതം ഗംഭീര്‍ പരിശീലകനായതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. പരമ്പരയില്‍ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണുള്ളത്. ടി20 പരമ്പര ജൂലൈ 27, 28, 30 തീയതികളില്‍ നടക്കും. ഏകദിന മത്സരങ്ങള്‍ ഓഗസ്റ്റ് 2, ഓഗസ്റ്റ് 4, ഓഗസ്റ്റ് ഏഴ് തീയതികളില്‍ നടക്കും.

ടി20 ടീം: സൂര്യകുമാർ യാദവ്, ശുഭ്മാന്‍ ഗിൽ, യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ് , അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഏകദിന ടീം: രോഹിത് ശർമ്മ, ശുഭ്മാന്‍ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

ഏകദിനത്തില്‍ നിന്ന് സഞ്ജു ഔട്ട്‌

ഏകദിനത്തില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കി. ഇന്ത്യയുടെ അവസാന ഏകദിന മത്സരം കഴിഞ്ഞ ഡിസംബര്‍ 21ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവായിരുന്നു കളിയിലെ താരം.

 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 510 റണ്‍സ് നേടിയ താരത്തിന്റെ ശരാശരി 56.66 ആണ്. അവസരം കിട്ടിയപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ശ്രദ്ധേയം. 

Advertisment