ഇന്ത്യക്ക് ജയിച്ചേ പറ്റൂ; വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 ഇന്ന്

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക.

author-image
Neenu
New Update
TWENTY TEWENTY.jpg

ഗയാന: വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടും തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്. മൂന്നാം ട്വന്റി20 പോരാട്ടത്തില്‍ ബാറ്റര്‍മാര്‍ മിന്നിയില്ലെങ്കില്‍ പരമ്പര നഷ്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ നാല് റണ്‍സിനും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ക്കുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

Advertisment

സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും പുറത്തിരുത്തി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇന്ത്യ കുട്ടി ക്രിക്കറ്റില്‍ വിന്‍ഡീസിനെതിരെ ഇറങ്ങിയത്. ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ച ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലിനും സഞ്ജു സാംസണിനും തിളങ്ങാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയുടെ തലവേദന. അരങ്ങേറ്റ പരമ്പര കളിക്കുന്ന തിലക് വര്‍മ മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആശ്വസിക്കാവുന്ന കളി പുറത്തെടുത്തത്.

പല മുന്‍നിര ബാറ്റര്‍മാരും രണ്ടക്കം തികയ്ക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ രണ്ട് ഇന്നിംഗ്‌സുകളിലായി 90 റണ്‍സാണ് ഈ ഇരുപതുകാരന്‍ അടിച്ചുകൂട്ടിയത്. ബാറ്റിംഗ് നിരയില്‍ യശസ്വി ജയ്‌സ്‌വാളിന് അവസരം നല്‍കുക എന്നത് മാത്രമാണ് ഇന്ത്യക്ക് പരീക്ഷിക്കാന്‍ കഴിയുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമില്‍ സ്ഥാനം ലഭിക്കാതിരുന്ന താരത്തെ ഓപ്പണറായി ഇറക്കിയാല്‍ ശുഭ്മന്‍ ഗില്ലിനോ ഇഷാന്‍ കിഷനോ അവസരം നഷ്ടമായേക്കും.

ബൗളിംഗില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ തീരുമാനങ്ങളും ഇന്ത്യയ്ക്ക് തിരിച്ചടിയായി. രണ്ടാം ട്വന്റി20യില്‍ നന്നായി പന്തെറിഞ്ഞ യുസ്വേന്ദ്ര ചഹലിന് ഒരോവര്‍ ബാക്കിയുണ്ടായിട്ടും നല്‍കിയിരുന്നില്ല. ഇടംകൈയന്‍ സ്പിന്നറായ അക്സര്‍ പട്ടേലിന് പന്തെറിയാന്‍ അവസരം നല്‍കുകയും ചെയ്തില്ല. ഈ അവസരങ്ങളെല്ലാം മുതലെടുത്താണ് വിന്‍ഡീസിന്റെ വാലറ്റം തകര്‍ത്തടിച്ചത്. അതേസമയം ബൗളിംഗ് നിരയില്‍ കുല്‍ദീപ് യാദവ് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. കുല്‍ദീപ് തിരിച്ചെത്തിയാല്‍ രവി ബിഷ്‌ണോയി പുറത്തിരിക്കേണ്ടി വരും. പേസ് നിരയില്‍ ആവേശ് ഖാനോ ഉമ്രാന്‍ മാലിക്കോ കളിക്കാനും സാധ്യതയുണ്ട്.

അതേസമയം ടെസ്റ്റ്- ഏകദിന പരമ്പരകളിലേറ്റ തോല്‍വിയില്‍ നിന്ന് തിരിച്ചുവന്നതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ്. മൂന്നാം ടി20 മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും വിന്‍ഡീസ് ഇറങ്ങുക. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെയാണ് വിന്‍ഡീസ് തിളങ്ങുന്നത്. വമ്പന്‍ ഫോമിലുള്ള നിക്കോളാസ് പൂരനിലാണ് വിന്‍ഡീസിന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍. 2016ന് ശേഷം ഇന്ത്യക്കെതിരെ ആദ്യമായി ഒരു പരമ്പര വിജയിക്കുകയെന്ന ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നിലുള്ളത്.

TWENT TWENTY
Advertisment