ലോകകപ്പിൽ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം

ഉജ്ജ്വല ഫോമിൽ, കളിക്കുന്ന താരങ്ങളാണ് ഇരു ടീമിന്റെയും കരുത്ത്.

author-image
Neenu
New Update
1395959-india.webp

കൊൽക്കത്ത: ലോകകപ്പിൽ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം. പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. ഉജ്ജ്വല ഫോമിൽ, കളിക്കുന്ന താരങ്ങളാണ് ഇരു ടീമിന്റെയും കരുത്ത്.

ക്വിന്റൻ ഡീകോക്, റാസ വാണ്ടർസൺ, ഹെൻഡ്രിച്ച് ക്ലാസൺ, ഡേവിഡ് മില്ലർ എന്നിവരടങ്ങിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയെ നേരിടാൻ തുടക്കത്തിൽ ഇന്ത്യയുടെ പേസ് ത്രയം ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി. പിന്നാലെ കുൽദീപ് യാദവും, രവീന്ദ്ര ജഡേജയും. ദക്ഷിണാഫ്രിക്കൻ ബൗളിങ് കരുത്തായി കഗീസോ റബാഡ, ലുങ്കി ഇങ്കിഡി, ജെറാൾഡ് കോട്‌സെ, മാർക്കോ യാൻസൺ എന്നിവർ. ഇന്ത്യയുടെ ബാറ്റിങ് മറുപടി രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ.

ഈഡൻ ഗാർഡൻസിൽ ഇന്ന് തീപാറും പോരാട്ടം നടക്കുമെന്നുറപ്പ്. കന്നി ലോകകപ്പ് സ്വപ്നവുമായി എത്തിയ ദക്ഷിണാഫ്രിക്ക, പാകിസ്താൻ ഒഴികെയുള്ള ടീമിനെതിരെ നേടിയ വിജയങ്ങളെല്ലാം 100 റൺസിന് മുകളിലാണ്. പക്ഷേ നെതർലൻഡ്‌സിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ ആഘാതം ടീമിനെ വിട്ടുപോയിട്ടില്ല. ഈ ലോകകപ്പിൽ മാത്രം നാല് സെഞ്ചുറികൾ നേടിയ ക്വിന്റൻ ഡി കോക്ക് തന്നെയാണ്, ദക്ഷിണാഫ്രിക്കയുടെ തുറുപ്പ് ചീട്ട്. ഓൾറൗണ്ട് പ്രകടനവുമായി മാർക്കോ യാൻസനും, എയ്ഡൻ മാർക്രവും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷയേകുന്നു.

മറുവശത്ത് സമീപകാല ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂർച്ചയേറിയ പേസ് ത്രയമായ ബുംറ-ഷമി-സിറാജ് സഖ്യം ഏതു കൊമ്പന്മാരെയും എറിഞ്ഞുവീഴ്ത്താൻ കെൽപ്പുള്ളതാണ്. അവസാന മത്സരത്തിൽ ശ്രീലങ്കയെ 55ൽ ചുരുട്ടി കെട്ടിയ പ്രകടനത്തിന്റെ അലയൊലികൾ നിലച്ചിട്ടില്ല. ആർക്കെങ്കിലും ഒന്നു പിഴച്ചാൽ, ബാക്കിയുള്ളവർ ഉത്തരവാദിത്വത്തോടെ ബാറ്റ് വീശുന്നതാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ മുൻനിര ബാറ്റിങ്ങിൽ കണ്ടത്.

ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ഏതൊരു ബോളറുയുടെയും പേടിസ്വപ്നമാണ്. ക്ലാസിക് കോലി ബാറ്റിങ്ങിനേയും ദക്ഷിണാഫ്രിക്കൻ ബോളർമാർ ഭയക്കും. ഫോമിലേക്ക് ഉയർന്ന ശുഭ്മൻ ഗില്ലിനെയും ശ്രേയസ് അയ്യരെയും തളയ്ക്കുക അത്ര എളുപ്പമാകില്ല്. ഇതുവരെയുള്ള ഏഴു മത്സരങ്ങളും ജയിച്ച്, കുതിക്കുന്ന ഇന്ത്യക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ ഇന്ന് ജയം അനിവാര്യമാണ്. ഈ ലോകകപ്പിലെ ഏറ്റവും കരുത്തർ തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ പോരിനുള്ളത്.

world cup
Advertisment