Advertisment

പുതുമുഖങ്ങള്‍, പുതുപദ്ധതികള്‍; ക്രിക്കറ്റില്‍ കരുത്തരാകാന്‍ കരുക്കള്‍ നീക്കി സിംബാബ്‌വെ; ഒപ്പം ഇന്ത്യയെ നന്ദിയോടെ സ്മരിച്ച് ആരാധകര്‍; ബിസിസിഐയ്ക്ക് സിംബാബ്‌വെയില്‍ കൈയ്യടി

കൂടെക്കൂടെ സിംബാബ്‌വെയിലേക്ക് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നന്ദിയോടെയാണ് സിംബാബ്‌വെ ജനത ഓര്‍ക്കുന്നത്

New Update
zimbabwe cricket

പ്രതിഭാധാരാളിത്തമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്ത്. ഒരേ സമയം തന്നെ ഒന്നിലധികം പര്യടനങ്ങള്‍ക്ക് ടീമിനെ അയക്കാന്‍ നിലവില്‍ ബിസിസിഐക്ക് സാധിക്കും. ഇക്കാര്യം പരീക്ഷിച്ച് വിജയിച്ചിട്ടുമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആഘോഷം തീരും മുമ്പേ മറ്റൊരു ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരുങ്ങുന്നതും ഈ പ്രതിഭാധാരാളിത്തത്തിന്റെ കരുത്ത് കൈമുതലാക്കിയാണ്. സിംബാബ്‌വെയ്‌ക്കെതിരെയാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന ഈ ടി20 പരമ്പര ഹരാരെയില്‍ ശനിയാഴ്ച തുടങ്ങും. 

Advertisment

പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് രണ്ടാം നിര ടീമിനെയാണ് ഇന്ത്യ സിംബാബ്‌വെയിലേക്ക് അയച്ചത്. സഞ്ജു സാംസണ്‍, യഷ്വസി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ മാത്രമാണ് ലോകകപ്പ് ടീമിലുണ്ടായിരുന്നവരില്‍ സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെട്ടത്. ബാര്‍ബഡോസിലെ ചുഴലിക്കാറ്റ് മൂലം, ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകിയതും, പിന്നീട് ടി20 ലോകകപ്പിലെ കിരീടനേട്ടത്തില്‍ ബിസിസിഐ സംഘടിപ്പിച്ച ആഘോഷത്തില്‍ പങ്കെടുക്കേണ്ടതിനാലും ഈ മൂന്ന് താരങ്ങളെയും സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

ഐപിഎല്ലിലടക്കം തിളങ്ങിയ പുതുമുഖ താരങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാനുള്ള അവസരമാണ് സിംബാബ്‌വെ പര്യടനം. ഭാവിയെ മുന്‍നിര്‍ത്തി കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുക എന്നതിലുപരി മറ്റ് പ്രാധാന്യങ്ങളൊന്നും ഇന്ത്യയെ സംബന്ധിച്ച് സിംബാബ്‌വെ പര്യടനത്തിലില്ല.

എന്നാല്‍ സിംബാബ്‌വെയ്ക്ക് അങ്ങനെയല്ല. ക്രിക്കറ്റിലേക്കുള്ള ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഈ ആഫ്രിക്കന്‍ രാജ്യം. അതുകൊണ്ട് തന്നെ വീണ്ടുമൊരു സിംബാബ്‌വെ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നന്ദി പറയുകയാണ് സിംബാബ്‌വെയിലെ ക്രിക്കറ്റ് ആരാധകര്‍.

ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി

കൂടെക്കൂടെ സിംബാബ്‌വെയിലേക്ക് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നന്ദിയോടെയാണ് സിംബാബ്‌വെ ജനത ഓര്‍ക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പേജുകളില്‍ സിംബാബ്‌വെ ആരാധകരുടെ ഈ സ്‌നേഹപ്രകടനം കാണാം. 

മറ്റേത് ക്രിക്കറ്റ് ബോര്‍ഡിനെക്കാളും തങ്ങളെ പിന്തുണച്ചത് ബിസിസിഐ ആണെന്ന് ഇവര്‍ പറയുന്നു. 2013, 2015, 2016, 2022 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം നടത്തിയ പര്യടനങ്ങള്‍ ഓര്‍മിപ്പിച്ചാണ് ഇവരുടെ നന്ദിപ്രകടനം.

zmചിത്രം: ഒരു സിംബാബ്‌വെ ആരാധക പേജില്‍ വന്ന ചില കമന്റുകള്‍:

ആഫ്രിക്കന്‍ മേഖലയില്‍ ക്രിക്കറ്റിന്റെ മുഖമായ ദക്ഷിണാഫ്രിക്കയ്ക്ക് തോന്നാത്തതാണ് ബിസിസിഐ ചെയ്യുന്നതെന്നത്രേ. ഇതുകൊണ്ട് തന്നെ ഇന്ത്യയെ ഒരിക്കലും മറക്കാനാകില്ലെന്നും സിംബാബ്‌വെ ആരാധരുടെ വാക്കുകള്‍. തങ്ങളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ബിസിസിഐയ്ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം, കൈത്താങ്ങാകാത്ത ദക്ഷിണാഫ്രിക്കയോടുള്ള എതിര്‍പ്പും ഇവരുടെ വാക്കുകളില്‍ കാണാം.

തിരിച്ചുവരവിന് കൊതിച്ച്‌

ആന്‍ഡി ഫ്‌ളവര്‍, ഹീത്ത് സ്ട്രീക്ക് തുടങ്ങി ഇതിഹാസങ്ങളാല്‍ സമ്പന്നമായിരുന്നു സിംബാബ്‌വെ ക്രിക്കറ്റും. പിന്നീട്‌ പലവിധ കാരണങ്ങളാല്‍ ദുര്‍ബല ടീമുകളുടെ ഗണത്തിലേക്ക് സിംബാബ്‌വെ കൂപ്പുകുത്തി. കരുത്തരെ അട്ടിമറിക്കുന്ന സിംബാബ്‌വന്‍ വീര്യം ഇപ്പോഴും പോയ്മറഞ്ഞിട്ടില്ല. എന്നാല്‍ ടി20 ലോകകപ്പിന് യോഗ്യത നേടാനാകാത്തത് ടീമിന് ഏറെ തിരിച്ചടിയായി. യോഗ്യതാ മത്സരത്തില്‍ പുതുമുഖങ്ങളായ ഉഗാണ്ടന്‍ ടീമിനോട് അപ്രതീക്ഷിതമായി തോറ്റതാണ് വിനയായത്.

ക്രിക്കറ്റിലേക്ക് ശക്തമായ ഒരു തിരിച്ചുവരവാണ് ഇന്ന് സിംബാബ്‌വെ ആഗ്രഹിക്കുന്നത്. പ്രമുഖ താരങ്ങളെയൊക്കെ ഒഴിവാക്കി പുതുമുഖങ്ങളെ വച്ചൊരു പരീക്ഷണമാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിന്റെ പദ്ധതി.

അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരായ പര്യടനത്തില്‍ നിരവധി പുതുമുഖങ്ങളെയാണ് സിംബാബ്‌വെ ടീമിലുള്‍പ്പെടുത്തിയത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയ്ക്ക് പുറമെ ലൂക്ക് ജോങ്‌വെ, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസറബാനി തുടങ്ങിയവര്‍ മാത്രമാണ് ടീമിലെ പരിചയസമ്പന്നര്‍. മുതിര്‍ന്ന താരങ്ങളായ ക്രെയ്ഗ് എര്‍വിന്‍, സീന്‍ വില്യംസ് എന്നിവരെയും ഒഴിവാക്കി. റിയാന്‍ ബുളിനെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

പുതിയൊരു സിംബാബ്‌വെ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ സമ്മണ്‍സാണ്. 

വ്യക്തമായ കാഴ്ചപ്പാട്, മികച്ച ഭാവി

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആദ്യ പരീക്ഷണമായതിനാല്‍ മികച്ച ഫലമുണ്ടാകാന്‍ സമയമെടുക്കുമെന്ന യാഥാര്‍ത്ഥ്യം സമ്മണ്‍സും തിരിച്ചറിയുന്നുണ്ട്. എങ്കിലും ഭാവിയിലേക്കുള്ള പദ്ധതി എന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് സമ്മണ്‍സിനുള്ളത്.

''മുൻകാലങ്ങളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിലേക്കാണ് ശ്രദ്ധ. വ്യക്തമായ കാഴ്ചപാടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച ടീം വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം''-മുഖ്യപരിശീലകന്റെ വാക്കുകള്‍.

സിംബാബ്‌വെ ടീം: സിക്കന്ദർ റാസ (ക്യാപ്റ്റൻ), അക്രം ഫറാസ്, ബെന്നറ്റ് ബ്രയാൻ, കാംബെൽ ജോനാഥൻ, ടെൻഡായി ചതാര, ലൂക്ക് ജോങ്‌വെ, ഇന്നസെൻ്റ് കൈയ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധേവെരെ, തടിവനാഷെ മരുമണി, വെല്ലിംഗ്ടൺ മസകാഡ്‌സ, ബ്രാൻഡൻ മാവുത, ബ്ലെസിംഗ് മുസാറബാനി, മിയേഴ്‌സ് ഡിയോൺ, നഖ്‌വി ആൻ്റം, റിച്ചാർഡ് നഗാരവ, മിൽട്ടൺ ഷുംബാ.

ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, ധ്രുവ് ജൂറല്‍, ഹര്‍ഷിത് റാണ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം സഞ്ജു സാംസണ്‍, യഷ്വസി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ ടീമിനൊപ്പം ചേരും. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജൂലൈ ആറിനാണ്. 7, 10, 13, 14 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് എല്ലാ മത്സരങ്ങളും ആരംഭിക്കും.

 

 

Advertisment