വാഷിംഗ്ടണ്‍: ബീജം നിറച്ച സിറിഞ്ചുമായി സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയിലായി. മേരിലാന്‍ഡ് ചര്‍ച്ച്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്ത്രീയെ സിറിഞ്ച് ഉപയോഗിച്ച് കുത്തിയ തോമസ് ബൈറോണ്‍ സ്റ്റെമനെ (51) യാണ് പോലീസ് പിടികൂടിയത്.
സൂപ്പര്‍ മാര്‍ക്കറ്റിലെ സിസി ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീയെ ഇയാള്‍ സിറിഞ്ച് ഉപയോഗിച്ച് ആക്രമിച്ചത്. സ്ത്രീയെ പിന്തുടര്‍ന്നെത്തി സിറിഞ്ച് ശരീരത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്നറിയാതെ സ്ത്രീ ഞെട്ടിത്തരിച്ച് നില്‍ക്കുന്നതും ഉടന്‍ പ്രതി സംഭവസ്ഥലത്ത്‌നിന്ന് രക്ഷപ്പെടുന്നതും സിസി ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച സിറിഞ്ച് പോലീസ് പരിശോധിച്ചപ്പോഴാണ് ബീജം കണ്ടെത്തിയത്. തുടര്‍ന്ന് ആക്രമണത്തിനിരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയാണ് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറില്‍നിന്നും വീട്ടില്‍നിന്നും പോലീസ് നിരവധി സിറിഞ്ചുകള്‍ കണ്ടെടുത്തെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അതേസമയം, തോമസ് ബൈറോണ്‍ നേരത്തെയും സമാനരീതിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി സിസി ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നില്ല. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ മടിച്ചുനില്‍ക്കാതെ വിവരമറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.