സന്യാസഭവനങ്ങള്‍ വൃഭിചാരശാലകളല്ല, വ്രതശുദ്ധിയോടെ ജീവിതം നയിക്കുന്നവരുടെ യഥാര്‍ത്ഥ കരുത്ത്‌ വിശുദ്ധി തന്നെയാണ്‌. സാമൂഹത്തിനായി സമ്പത്തും സമയവും ആരോഗ്യവും ചെലവഴിക്കുന്ന നിരവധി സന്യസ്‌തരെ പ്രളയകാലത്തും ഈ ലോക്‌ഡൗണ്‍ കാലത്തും നിങ്ങള്‍ കണ്ടുമുട്ടിയില്ലേ ? സമര്‍പ്പിതരെപ്പറ്റി ഇകഴ്‌ത്തിയും താറടിച്ചും സംസാരിക്കുമ്പോഴും അവരുടെ വിദ്യാലയങ്ങളില്‍ പഠിച്ചും മക്കളെ പഠിപ്പിച്ചും അച്ചടക്കത്തില്‍ വളര്‍ത്തിയും വലുതായവരാണ്‌ ചുറ്റുവട്ടങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നത് ! ഒറ്റയായി നില്‍ക്കുന്ന നീര്‍ത്തുള്ളിയല്ല, കയ്യടികളും ആര്‍പ്പുവിളികളും പ്രതീക്ഷിക്കാതെ നിശബ്ദസേവനത്തിന്റെ ആള്‍രൂപങ്ങളായി ഒരുമിച്ചു നില്‍ക്കുന്ന കടലാണ്‌ ഞങ്ങള്‍ – സന്യസ്‌തര്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയ കന്യാസ്ത്രീയുടെ കുറിപ്പ് ഇങ്ങനെ –

സാബു മാത്യു
Friday, May 22, 2020

ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട ചില ഒറ്റപ്പെട്ട സംഭവ വികാസങ്ങളില്‍ നവമാധ്യങ്ങളില്‍ സഭാ പുരോഹിതന്മാര്‍ക്കും സന്യസ്തര്‍ക്കും എതിരെ നടക്കുന്ന വ്യാപകമായ പ്രചാരണങ്ങള്‍ക്ക് മറുപടിയായി സേക്രട്ട് ഹാര്‍ട്ട് സന്യസ്ത  സമൂഹത്തിലെ കന്യാസ്ത്രീ സിസ്‌റ്റര്‍ റ്റെസി അത്തിക്കല്‍ നടത്തിയ പ്രതികരണമാണ് ഇന്ന് സഭാ ആഭിമുഖ്യമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വൈറലായത്. കോതമംഗലം ജ്യോതി പ്രൊവിന്‍സിലെ കന്യാസ്ത്രീ  സി. റ്റെസി അത്തിക്കലിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :- 

– ഹൃദയത്തില്‍ അഗ്നിയുള്ളവരെ കൊത്തിപ്പറിക്കാന്‍ എന്നും കഴുകന്മാരുണ്ടാകും – ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പ്രശസ്‌ത നോവലായ അഗ്നിസാക്ഷിയിലെ കഥാപാത്രമായ ദേവകി ബഹന്റെ വാക്കുകളാണിത്‌. ഈ നാളുകളില്‍ നവമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും സമര്‍പ്പിതരെ അവഹേളിച്ചും പരിഹാസശരങ്ങളെയ്‌തും പോസ്‌റ്റിടുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സഹോദരങ്ങളോട്‌ ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം ചോദിക്കട്ടെ; മിണ്ടാപ്രാണികളെ ഉപദ്രവിച്ചിട്ട്‌ നിങ്ങള്‍ എന്തുനേടി ?

ഏതാനും ദിവസം മുമ്പ്‌ തലശേരിയിലുള്ള ഒരു സന്യാസിനി, കുടുംബിനികളുടെ തോരാത്ത കണ്ണീരൊപ്പാന്‍ മദ്യവര്‍ജ്ജനത്തിനെതിരെയുള്ള പ്ലാക്കാര്‍ഡു പിടിച്ച്‌ മുന്നിട്ടിറങ്ങിയ സഹോദരിമാരുടെ പോസ്‌റ്റ്‌ മാറ്റി, വളരെ നിന്ദ്യവും മനുഷ്യത്വരഹിതവും ഹീനവുമായ പോസ്‌റ്റ്‌ ചേര്‍ത്ത്‌ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വേദനാനിര്‍ഭരമായ സംഭവം മനുഷ്യമനസാക്ഷിയെ ഉലയ്‌ക്കുന്നതാണ്‌.

സമൂഹത്തിലെ 99% സഹോദരങ്ങളും ഞങ്ങളെ സ്‌നേഹിക്കുകയും ആദരവോടെ ശുശ്രൂഷ ഏറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഒരു ശതമാനം സഹോദരങ്ങള്‍ നിഗൂഢമായ ഏത്‌ അജണ്ടയ്‌ക്കുവേണ്ടി ഇപ്രകാരമുള്ള പോസ്‌റ്റുകള്‍ ചമയ്‌ക്കുന്നു. ഞങ്ങളുടെ മനസ്സിന്റെ വേദനയും ദുഃഖവും കണ്ണീരും നിങ്ങള്‍ക്ക്‌ അനുഗ്രഹമായി പകര്‍ത്തണമേ എന്ന്‌ ക്രിസ്‌തുനാമത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സന്ന്യാസഭവനങ്ങളെ വൃഭിചാരശാലകള്‍ എന്നുപോലും വിളിക്കത്തക്കവിധം രോഗാതുരമായ മനസ്സിനുടമകള്‍ സമൂഹത്തിലുണ്ടെന്നത്‌ അത്യധികം നൊമ്പരമുണര്‍ത്തുന്നു. ബ്രഹ്മചര്യവ്രതത്തിലൂടെ മനസ്സും ആത്മാവും ശരീരവും ദൈവത്തിനര്‍പ്പിച്ച്‌ വ്രതശുദ്ധിയോടെ ജീവിതം നയിക്കുന്ന സമര്‍പ്പിതരുടെ യഥാര്‍ത്ഥകരുത്ത്‌ വിശുദ്ധി തന്നെയാണ്‌


കേട്ടാല്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ പടച്ചുവിടുന്ന സഹോദരങ്ങളുടെ മാനസികാവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച്‌, അസത്യത്തെയും അര്‍ദ്ധസത്യത്തെയും സത്യമായി മനുഷ്യഹൃദയങ്ങളില്‍ എഴുതിച്ചേര്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്‌. തിരുസഭയുടെ അവിഭാജ്യഘടകങ്ങളായി പ്രാര്‍ത്ഥന, ശുശ്രൂുഷ ഇവയിലൂടെ തിരുസഭയാകുന്ന അമ്മയുടെ മുഖത്തിന്‌ ശോഭ പകരുന്നവരാണ്‌ സമര്‍പ്പിതര്‍.

തിരുവല്ല കോണ്‍വന്റില്‍ അര്‍ത്ഥിനിയായ ദിവ്യമരിച്ചതിനെ തുടര്‍ന്ന്‌ ജല്‌പനങ്ങളും ഊഹാപോഹങ്ങളും നവമാധ്യമങ്ങളിലൂടെ വിളമ്പുന്നവരുടെ ഉദ്ദേശ്യശുദ്ധി ഞങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്നു. കെട്ടിച്ചമച്ച കഥകളും ഒളിയമ്പുകളും പരസ്യാക്ഷേപങ്ങളും ഭീഷണിയുടെ ചുവയുള്ള വാക്കുകളും കൊണ്ട്‌ ഞങ്ങളെ തകര്‍ക്കാമെന്ന വ്യാമോഹമരുത്‌. ഫീനിക്‌സ്‌ പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ്‌ ദൈവസ്‌നേഹത്തിന്റെ ഗീതികളും കാരുണ്യത്തിന്റെ ശുശ്രൂഷകളും തുടരാന്‍ പരിശുദ്ധാത്മാവില്‍ ഞങ്ങള്‍ ശക്തരാണ്‌.

ഒറ്റയായി നില്‍ക്കുന്ന നീര്‍ത്തുള്ളിയല്ല; ഒരുമിച്ചു നില്‍ക്കുന്ന കടലാണ്‌ ഞങ്ങള്‍… കൂട്ടിവയ്‌ക്കുന്നവന്‌ എല്ലാം നഷ്ടപ്പെടുന്നു, നഷ്ടപ്പെടുന്നവന്‌ എല്ലാം ലഭിക്കുന്നു എന്ന സത്യം സ്വാര്‍ത്ഥമായ അനുഗ്രഹീതമായ ജീവിതാവസ്ഥയാണ്‌ സന്ന്യാസം. മുന്‍നിരക്കസേരകള്‍ ആഗ്രഹിക്കാതെ, കയ്യടികളും ആര്‍പ്പുവിളികളും പ്രതീക്ഷിക്കാതെ നിശബ്ദസേവനത്തിന്റെ ആള്‍രൂപങ്ങളായി അരണില്‍ നിന്ന്‌ അണിയറയിലേക്ക്‌ പിന്മാറി നില്‍ക്കുന്നവരാണ്‌ സമര്‍പ്പിതര്‍.

ഇടവകയിലും സമൂഹത്തിലും ത്യാഗനിര്‍ഭരമായ ശുശ്രൂഷകള്‍ ചെയ്യുമ്പോഴും ഈ ചെറിയവരില്‍ ഒരുവന്‌ നിങ്ങള്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ എനിക്ക്‌ തന്നെയാണ്‌ ചെയ്യുന്നത്‌ എന്ന ക്രിസ്‌തുമന്ത്രം കാതില്‍ മുഴങ്ങുന്നുണ്ട്‌. ആരുടെയും സ്വന്തമാകാതെ എല്ലാവരുടെയും സ്വന്തമായി, അറിവും കഴിവും സമയവും ആരോഗ്യവും സഹജര്‍ക്കുവേണ്ടി വ്യയം ചെയ്യുന്ന സമര്‍പ്പിതര്‍ സഭയുടെ, സമൂഹത്തിന്റെ ചാലകശക്തികളാണ്‌.

അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ്‌ വിജനസ്ഥലത്തേക്ക്‌ പിന്‍വാങ്ങി പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ക്രിസ്‌തുവാണ്‌ ഞങ്ങള്‍ക്ക്‌ മാതൃക. വിശുദ്ധബലിയില്‍ നിന്നും അനുദിന പ്രാര്‍ത്ഥനകളില്‍ നിന്നും ഞങ്ങള്‍ക്ക്‌ ലഭിക്കുന്ന ദിവ്യമായ ഊര്‍ജ്ജം ക്രിസ്‌തുവിനോടുള്ള സ്‌നേഹത്തെ പ്രതി സമൂഹത്തിന്‌ പ്രദാനം ചെയ്യുകയാണ്‌.


സമര്‍പ്പിതരെപ്പറ്റി ഇകഴ്‌ത്തിയും താറടിച്ചും സംസാരിക്കുമ്പോഴും അവര്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ മക്കളെ പഠിപ്പിച്ചും അച്ചടക്കത്തില്‍ വളര്‍ത്തിയും വലുതായവരാണ്‌ ചുറ്റുവട്ടങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നത്‌. നാടുനീളെ നന്മ ചെയ്‌ത്‌ ആര്‍ക്കും ഭാരമാകാതെ ജീവിക്കുന്ന സമര്‍പ്പിതരോട്‌ എന്തിനാണ്‌ ഇത്രമാത്രം പകയും വിദ്വേഷവും


സന്ന്യാസത്തെ തച്ചുടച്ചാല്‍ ഈ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന്‌ വിശ്വസിക്കാന്‍ മാത്രം പാപ്പരല്ല ഞങ്ങളുടെ സഹോദരങ്ങള്‍ എന്ന്‌ കരുതട്ടെ.
നിങ്ങളുടെ വാക്കുകള്‍ ഞങ്ങളുടെ കണ്ണുനനയ്‌ക്കരുത്‌. ഞങ്ങളും നിങ്ങളുടെ സഹോദരിമാരാണ്‌. പ്രഭാതം മുതല്‍ പ്രാര്‍ത്ഥിക്കുന്നതും ശുശ്രൂഷ ചെയ്യുന്നതും ഈ ലോകനന്മയ്‌ക്ക്‌ വേണ്ടിയും നിങ്ങളൊക്കെ സുഖമായി കഴിയുന്നതു കാണാനുമാണ്‌.

ജാതിമതഭേദമെന്യേ എല്ലാവരെയും സ്വന്തമായി കണ്ട്‌ ഇറങ്ങിത്തിരിച്ചവരാണ്‌ ഞങ്ങള്‍. നിങ്ങള്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും മാതാപിതാക്കളും സഹോദരങ്ങളുമുണ്ട്‌. ഞങ്ങള്‍ അവഹേളിക്കപ്പെടുന്നതില്‍ ആഹ്ളാദിക്കുന്നവര്‍ ആ മാതാപിതാക്കളുടെ ഹൃദയവേദന കാണാനുള്ള കണ്ണുതുറക്കണമെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു.


രാഷ്ട്രീയത്തിലോ സാംസ്‌കാരികരംഗങ്ങളിലോ നിറസാന്നിദ്ധ്യമാകാതെ സാമൂഹിക പ്രവര്‍ത്തനരംഗത്ത്‌ സമ്പത്തും സമയവും ആരോഗ്യവും ചെലവഴിക്കുന്ന ലക്ഷക്കണക്കിന്‌ സന്ന്യസ്‌തരെ പ്രളയകാലത്തും ഈ ലോക്‌ഡൗണ്‍ കാലത്തും നിങ്ങള്‍ കണ്ടുമുട്ടിയില്ലേ? ഞങ്ങള്‍ ചെയ്യുന്ന ശുശ്രൂഷകള്‍ സാമ്പത്തികസഹായങ്ങള്‍ ഉച്ചഭാഷിണിയിലുടെ മുഴക്കി ആരുടെയും അഭിനന്ദനത്തിന്‌ കാത്തുനില്‍ക്കാറില്ല


ആരും തൊടാനും കൂടെയിരിക്കാനും ഭീതിയും അറപ്പും ഉളവാകുന്നതെന്ന്‌ കരുതപ്പെടുന്ന എയ്‌ഡ്‌സ്‌ രോഗികളെപ്പോലും സ്വന്തമായി സ്വീകരിച്ച്‌ കരുതലോടെ ശുശ്രൂഷിക്കുവാന്‍ സ്വദേശത്തും വിദേശത്തും മറ്റുമായിരിക്കുന്ന നൂറുകണക്കിന്‌ സമര്‍പ്പിതരെയും അഭിഷിക്തരെയും അഭിമാനത്തോടെ, കൃതഞ്‌ജതയോടെ അനുസ്‌മരിക്കേണ്ടതാണ്‌.

നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബത്തിലെ പ്രശ്‌നങ്ങളും അതിജീവനതന്ത്രങ്ങളുമൊക്കെ അനുദിനം മാധ്യമങ്ങളിലൂടെയും നേരിട്ടും അറിയുന്നുണ്ട്‌. അവനവന്റെ പാപ്പരത്തത്തിലേക്ക്‌ വിരല്‍ചൂണ്ടാതെ അപരന്റെ അല്‌പമാത്രമായ തെറ്റുകളിലേക്ക്‌ എത്തിനോക്കി അപകീര്‍ത്തിപ്പെടുത്തുന്ന സഹോദരങ്ങളോട്‌ ഒന്നേപറയാനുള്ളൂ – ഉള്ളിലേക്ക്‌ നോക്കി ഉള്ളം ശരിയാക്കുക. സ്വന്തം കണ്ണിലെ തടിക്കഷണം നീക്കിയിട്ട്‌ മറ്റുള്ളവരുടെ കണ്ണിലെ കരട്‌ എടുത്തുകളയാന്‍ ശ്രദ്ധിക്കുക.

ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും എന്നതു മറക്കാതിരിക്കുക. വാക്കുകള്‍ ജീവന്‍ പകരുന്നതാകട്ടെ. വാക്കുകള്‍ കൂരമ്പുകളായി തൊടുത്തുവിടുമ്പോള്‍ അവയേറ്റുമുറിയുന്ന മനസ്സുകള്‍ നിങ്ങളുടെ സ്വസ്ഥത നശിപ്പിക്കാതിരിക്കട്ടെ. അല്ലയോ മനുഷ്യാ നീ ആര്‌ തന്നെയായാലും മറ്റുള്ളവരെ വിധിക്കുമ്പോള്‍ നീ നിന്നെത്തന്നെയാണ്‌ വിധിക്കുന്നത്‌ എന്ന ബൈബിള്‍ വചനം അനുസ്‌മരിക്കുന്നത്‌ ഉചിതമാണ്‌.

സത്യം കുളിച്ചുകയറുമ്പോഴേക്കും അസത്യം സത്യത്തിന്റെ കുപ്പായമണിഞ്ഞ്‌ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും എന്ന്‌ പറയുന്നതുപോലെ നുണപ്രചരണങ്ങളും അപകീര്‍ത്തി പ്രകടനങ്ങളും സത്യത്തിന്‌ മുമ്പേ പ്രയാണം ചെയ്‌ത്‌ മുറിവ്‌ പകരും.

ഓരോ മിഴിയും നന്മകാണാന്‍ വിടരട്ടെ. ഉള്‍മിഴി വിടരാത്ത മൊഴികളില്‍ കാഴ്‌ചമാത്രമല്ല, കാഴ്‌ചപ്പാടും ഉണ്ടാവില്ല. മിത്രസ്യ ചക്ഷഷാ സമീക്ഷാ മഹേ എന്ന അഥര്‍വ്വവേദസൂക്തം നമ്മുടെ കണ്ണുതുറപ്പിക്കട്ടെ. മിത്രമേ, നിന്റെ കണ്‍മിഴികളില്‍ നോക്കി ഞാനെന്റെ മുഖം കാണട്ടെ എന്ന സാഹോദര്യത്തിന്റെ വേദദര്‍ശനം ഭാരതീയ പൈതൃകത്തിന്റെ സത്തും സാരവുമാണെന്നത്‌ നമുക്ക്‌ മറക്കാതിരിക്കാം.

ഈ കൊറോണ ലോക്‌ഡൗണ്‍ കാലത്ത്‌ ഇന്ത്യയിലെ ഏത്‌ പൗരനെയും പോലെ, കേരളത്തിന്റെ ദുരിതയാത്രകളില്‍ മുന്നണിപ്പോരാളികളായി ധീരമായ ചുവടുവയ്‌പ്‌ നടത്തിയ സമര്‍പ്പിതരെയും അകമഴിഞ്ഞ്‌ ആദരിച്ച സംസ്ഥാന ഗവണ്‍മെന്റാണിവിടെയുള്ളത്‌ എന്നത്‌ അഭിമാനപൂര്‍വ്വം അനുസ്‌മരിക്കുന്നു. ഈ വിപല്‍സന്ധിയില്‍ മുഖ്യമന്ത്രിയുടെയും ടീമിന്റെയും കാര്യക്ഷമവും ഫലപ്രദവുമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിറമനസ്സോടെ അഭിനന്ദിക്കുന്നു.

അപമാനിക്കപ്പെടുന്ന സ്‌ത്രീത്വത്തെ ആദരിക്കാനും സംരക്ഷിക്കാനും സന്മനസ്സ്‌ കാണിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സമര്‍പ്പിതരുടെ നേര്‍ക്ക്‌ അസഭ്യവര്‍ഷങ്ങളും അപകീര്‍ത്തി പ്രകടനങ്ങളും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന പ്രത്യാശയിലാണ്‌ ഞങ്ങള്‍. ഈ സംസ്ഥാനത്ത്‌ നന്മ പുലരുവാന്‍, സാഹോദര്യം പുഷ്‌പിക്കുവാന്‍, പരസ്‌പരം ആദരിക്കുന്ന ഒരു നല്ല നാളെ ഉണ്ടാകുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

×