ബോട്ടില്‍ തീ ആളിക്കത്തുമ്പോഴും കായലിന് ആഴം കൂടുതലാണെന്ന് സംശയിച്ച് വെള്ളത്തിലേക്ക് ചാടാന്‍ മടിച്ച് യാത്രക്കാര്‍ ; ഒടുവില്‍ വഞ്ചിവീട്ടിലെ ജീവനക്കാരന്‍ ആദ്യം ചാടി ആഴം കുറവാണെന്ന് തെളിയിച്ചു ; പിന്നാലെ മറ്റുള്ളവര്‍ കായലിലേക്ക് ചാടി, ഉടന്‍ ബോട്ട് കത്തിയമര്‍ന്നു ; അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് സ്രാങ്കിന്റെ സമയോചിതമായ ഇടപെടല്‍ മൂലവും

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Friday, January 24, 2020

ആലപ്പുഴ : വഞ്ചിവീടിന്റെ സ്രാങ്ക് ഇടയാഴം സ്വദേശി സജിയുടെ ബുദ്ധിയാണ് അപകടത്തിൽപെട്ട മുഴുവൻ യാത്രക്കാരും രക്ഷപ്പെടാൻ കാരണം. യാത്രക്കാർ ഭയന്ന് നിലവിളിച്ചപ്പോഴും സജി ധൈര്യം കൈവിട്ടില്ല. കായലിൽ ആഴക്കുറവുള്ള സ്ഥലങ്ങൾ എവിടെയൊക്കെയാണെന്ന് സജിക്ക് അറിയാമായിരുന്നു.

അങ്ങനെയാണ് മൺതിട്ടയ്ക്കടുത്ത് വഞ്ചിവീട് അടുപ്പിച്ചത്. വെള്ളക്കൂടുതലുള്ള സ്ഥലമാണെന്ന് സംശയിച്ച് പരിഭ്രാന്തരായ യാത്രക്കാർ കായലിലേക്കു ചാടാൻ മടിച്ചുനിന്നെങ്കിലും വഞ്ചിവീട്ടിലെ ജീവനക്കാരനായ കാർത്തികേയൻ ആദ്യം ചാടി കായലിന് ആഴം കുറവാണെന്ന് മനസ്സിലാക്കിക്കൊടുത്തു. തുടർന്നാണ് മറ്റുള്ളവരും കായലിലേക്കു ചാടിയത്.

മുഹമ്മയിൽ നിന്നു കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് പാതിരാമണൽ ദ്വീപിനു സമീപം എത്തിച്ച് അപകടത്തിൽ പെട്ടവരെ കരയ്ക്കെത്തിക്കാൻ സഹായിച്ചത് ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരാണ്.വഞ്ചിവീടിനു തീ പിടിച്ചതറിഞ്ഞ് ബോട്ട് അങ്ങോട്ടേക്ക് അടുപ്പിക്കുകയായിരുന്നു.

രക്ഷിക്കാനെത്തിയ സ്പീഡ് ബോട്ടും മുങ്ങി വെള്ളത്തിലായ യാത്രക്കാരെ ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ കയറ്റിയാണ് മുഹമ്മ ജെട്ടിയിലെത്തിച്ചത്. വഞ്ചിവീട് ജീവനക്കാരായ 3 പേരെ, ചെറു വള്ളങ്ങളിൽ എത്തിയവർ കായിപ്പുറം ജെട്ടിയിലെത്തിച്ചു. അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ പിന്നീട് പൊലീസ് വാഹനം വിളിച്ച് ആലപ്പുഴ ഗെസ്റ്റ് ഹൗസിലെത്തിച്ചു. ഇവരുടെ വാഹനങ്ങൾ കുമരകത്തെ റിസോർട്ടിൽ ഉണ്ട്.

ആലപ്പുഴയിലേക്ക് ഇതാദ്യമായല്ല മട്ടന്നൂർ സ്വദേശി നിജാസ് എത്തുന്നത്. 4 മാസം മുൻപും ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ചു മടങ്ങിയിരുന്നു. പക്ഷേ, ഇത്തവണത്തെ യാത്രയെക്കുറിച്ച് ‘മരിച്ച് എഴുന്നേറ്റുള്ള വരവ്’ എന്നാണ് നിജാസ് പറയുന്നത്. ‘രാത്രി യാത്രയുടെ ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ചെറിയ മയക്കത്തിലായിരുന്നു. ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ അടുക്കളയുടെ സമീപത്തായിരുന്നു തീ.

എന്ത് ചെയ്യണമെന്ന് ആദ്യം ഒരു രൂപവും ഉണ്ടായിരുന്നില്ല. എല്ലാവരെയും കൂട്ടി കോണിപ്പടിയുടെ സമീപത്തു ചെന്നു നിന്നു. സ്പീഡ് ബോട്ടാണ് ആദ്യം വന്നത്. കുറച്ചു പേർ കയറിയപ്പോൾ തന്നെ അതു മുങ്ങി. സ്ത്രീകളും കുട്ടികളുമടക്കം വെള്ളത്തിൽ. കരയോടു ചേർന്നായതു കൊണ്ട് ആഴം കുറവായിരുന്നു. പിന്നെ വേറൊരു ബോട്ട് വരുന്നതു വരെ ജീവൻ കയ്യിൽ പിടിച്ച് വെള്ളത്തിൽ നിന്നു’ – നിജാസിന്റെ മുഖത്ത് നടുക്കം മാറിയിട്ടില്ല.

സൗദിയിൽ ജോലി ചെയ്യുന്ന നിജാസ് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. നിജാസിന്റെ ഭാര്യ നൂർജഹാന്റെ സഹോദരൻ മുഹമ്മജ് ഫസലും ദുബായിലാണ് ജോലി ചെയ്യുന്നത്. നൂർജഹാന്റെ ബന്ധുക്കളായ റിഷാദ്, റാഷിദ് എന്നിവരാണ് സംഘത്തിലെ മറ്റു പുരുഷന്മാർ. സംഘത്തിൽ ഇവർ മാത്രമായിരുന്നു നീന്തൽ അറിയാവുന്നവർ.

അപകടത്തിൽ ഉടുതുണിയല്ലാതെ മറ്റെല്ലാം നഷ്ടപ്പെട്ട യാത്രക്കാർക്ക് മുഹമ്മ പൊലീസ് തുണയായി. വസ്ത്രങ്ങളടങ്ങിയ ബാഗ്, മൊബൈൽ ഫോൺ, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ് ഉൾപ്പടെയുള്ളവ കത്തിനശിച്ചു. രക്ഷാപ്രവർത്തനം നടത്തിയ എസ്ഐ അജയ്മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ച ശേഷം വസ്ത്രങ്ങളും ഭക്ഷണങ്ങളും വാങ്ങി നൽകി. ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയും എല്ലാ തയാറെടുപ്പുകളോടും കൂടിയാണ് കായിപ്പുറം ജെട്ടിയിൽ നിന്നത്.

‘എവിടുന്നാണ് തീ പടർ‌ന്നത് എന്ന് ഒരു ധാരണയുമില്ല. തീ കെടുത്താൻ വെള്ളമൊഴിച്ചു നോക്കി, പക്ഷേ, നിയന്ത്രിക്കാൻ കഴിഞ്ഞില്ല’ – വഞ്ചിവീട് ജീവനക്കാരനായ കാർത്തികേയൻ‌ പറഞ്ഞു. ‘അടുക്കളയിലേക്ക് തീ വേഗത്തിൽ പടർന്നിരുന്നെങ്കിൽ വൻദുരന്തമുണ്ടായേനെ. തീ കണ്ട ഉടൻ 2 ഗ്യാസ് കുറ്റികളും എടുത്തു വെള്ളത്തിലെറിഞ്ഞു. മൺതിട്ടയുടെ സമീപമായതും രക്ഷയായി.’ ‌വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശിയായ കാർത്തികേയൻ ബിരുദ പഠനത്തിനു ശേഷം ഉന്നതപഠനത്തിനു പ്രവേശനം നേടുന്നതിനുള്ള ഇടവേളയിൽ പാർട് ടൈംമായാണ് വഞ്ചിവീട്ടിൽ ജോലിക്കു പോകുന്നത്.

×