ഐപിഎൽ മത്സരത്തിനുശേഷമുള്ള പാർട്ടിയുടെ ആഹ്ലാദത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാർ, ഭീകരർക്കായുള്ള പ്രത്യേക വാർഡിലാണ് തന്നെ പാർപ്പിച്ചത്; തുടർച്ചയായി 12 ദിവസങ്ങളോളം 16 മുതൽ 17 മണിക്കൂർ വരെ നീളുന്ന കൊടിയ പീഡനമാണ് നേരിട്ടത്‌; വെളിപ്പെടുത്തലുമായി ശ്രീശാന്ത്‌

സ്പോര്‍ട്സ് ഡസ്ക്
Thursday, July 2, 2020

കൊച്ചി: ഐപിഎൽ ഒത്തുകളിക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിൽ നേരിട്ട കടുത്ത പീഡനങ്ങളെക്കുറിച്ച് എസ്. ശ്രീശാന്ത്. ഐപിഎൽ മത്സരത്തിനുശേഷമുള്ള പാർട്ടിയുടെ ആഹ്ലാദത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാർ, ഭീകരർക്കായുള്ള പ്രത്യേക വാർഡിലാണ് തന്നെ പാർപ്പിച്ചതെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി.

തുടർച്ചയായി 12 ദിവസങ്ങളോളം 16 മുതൽ 17 മണിക്കൂർ വരെ നീളുന്ന കൊടിയ പീഡനമാണ് താൻ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ആദർശ് രാമനുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ജയിലിലെ പീഡനങ്ങളെക്കുറിച്ച് ശ്രീയുടെ വെളിപ്പെടുത്തൽ.

‘എന്റെ ജീവിതത്തിൽ സംഭവിച്ചതുതന്നെ നോക്കൂ. മത്സരശേഷമുള്ള പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഞാൻ സെക്കൻഡുകൾക്കുള്ളിലാണ് ഭീകരര്‍ക്കായുള്ള പ്രത്യേക വാർഡിലേക്ക് നീക്കപ്പെട്ടത്. അതിനുശേഷം തുടർച്ചയായി 12 ദിവസം കടുത്ത പീഡനങ്ങളുടേതായിരുന്നു. ദിവസേന 16–17 മണിക്കൂറായിരുന്നു പീഡനം. ആ സമയത്തെല്ലാം എന്റെ മനസ്സിൽ വീടും വീട്ടുകാരും മാത്രമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം മൂത്ത സഹോദരൻ സന്ദർശിക്കാൻ വന്നപ്പോഴാണ് വീട്ടുകാർ സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞത്. വീട്ടുകാരുടെ പിന്തുണയും പ്രാർഥനയുമാണ് ഈ പ്രതിസന്ധി ഘട്ടം മറികടക്കാൻ എന്നെ സഹായിച്ചത്’ – ശ്രീശാന്ത് പറഞ്ഞു.

‘ഒരു കാര്യം ഉറപ്പിച്ചു പറയാം. ജീവിതത്തിൽ നാം ഓരോരുത്തരും പോരാട്ടത്തിലാണ്. ഓരോ പോരാട്ടവും പ്രധാനവുമാണ്. ഒരു മത്സരത്തിൽ സെഞ്ചുറി നേടുന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ പോലും തൊട്ടടുത്ത മത്സരത്തിൽ പൂജ്യത്തിൽനിന്നാണ് ബാറ്റിങ് തുടങ്ങുന്നത്’ – ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

ഏതു തീരുമാനമെടുക്കും മുൻപും 10 സെക്കൻഡ് ഇരുത്തി ചിന്തിക്കുക. ഇതും കടന്നുപോകും എന്ന് മനസ്സിലുറപ്പിക്കുക. നിങ്ങൾക്ക് വേണ്ടതെന്താണെങ്കിലും അതു നേടുക. ചുറ്റുമുള്ളവർ എന്തു പറയുമെന്ന് ഗൗനിക്കുകപോലും അരുത്’ – ശ്രീശാന്ത് പറഞ്ഞു.

×