ശ്രേയാംസും ലാൽ കൽപകവാടിയും രാജ്യസഭാ സ്ഥാനാർത്ഥികളാകും ! ഇടതുപക്ഷത്തിന്റെ ജയസാധ്യതയിൽ സംശയമില്ലാത്തതിലാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ താരമാകുന്നത് കേരളാ കോൺഗ്രസിന്റെ വിപ്പ് ! നിയമ സാദ്ധ്യതകൾ ഇങ്ങനെ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, August 6, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ മുന്നണികൾക്കുള്ളിൽ ധാരണ. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേയ്ക്ക് അദ്ദേഹത്തിന്റെ മകൻകൂടിയായ എംവി ശ്രേയാംസ്‌ കുമാറിനെ മത്സരിപ്പിക്കാനാണ് ഇടതുപക്ഷത്ത് ധാരണ.

ശ്രേയാംസ്‌ കുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജനതാദൾ മുന്നോട്ടുവച്ചിട്ടുണ്ട്. യുഡിഎഫിൽ കർഷക കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കല്പകവാടിയെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം.

ഇടതുപക്ഷത്തിന് വൻ ഭൂരിപക്ഷമാണ് നിയമസഭയിലുള്ളതെന്നതിനാൽ ഇടതു സ്ഥാനാർത്ഥിയുടെ വിജയം അനായാസമാണ്. എങ്കിലും നയതന്ത്ര സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷം ഭരണകക്ഷിക്കെതിരെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

കേരളാ കോൺഗ്രസിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ച കോൺഗ്രസ് പിന്നീട് ഭരണകക്ഷിയെ ഏകപക്ഷീയമായി വിജയിപ്പിക്കുന്നതിലെ അപകടം തിരിച്ചറിയുകയായിരുന്നു.

കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളുമായും സംസാരിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിൽ യോജിച്ചുള്ള നീക്കത്തിനുള്ള സാധ്യത ആരായാനാണ് കോൺഗ്രസ് തീരുമാനം. ജോസ് കെ മാണിയുമായി ഇത് ഡംബന്ധിച്ച് വരും ദിവസങ്ങളിൽ കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോസ് പക്ഷം യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ സാധ്യതയില്ല. വിട്ടു നിൽക്കുകയോ ഇടതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയോ ചെയ്യുന്നതാണ് ജോസ് പക്ഷത്തിന്റെ പരിഗണനയിൽ.

എന്നാൽ ജോസ് പക്ഷത്തിനെതിരെ വിപ്പ് നൽകുമെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. പക്ഷേ ജോസഫിന്റെ ഈ വാദത്തിന് സാധ്യതയില്ലെന്നതാണ് നിയമ വിദഗ്‌ദ്ധരുടെ പക്ഷം.

കേരളാ കോൺഗ്രസുകൾ തമ്മിൽ പിളർന്നതിനാൽ കെ എം മാണി മരിച്ച സമയത്തെ പദവികളും കമ്മറ്റികളും അതേപടി തുടരാനാണ് ഇലക്ഷൻ കമ്മീഷന്റെ നിർദേശം. പിളർപ്പ് വിഷയത്തിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നതുവരെ കെ എം മാണി മരിച്ച ദിവസത്തെ തൽസ്ഥിതി തുടരണമെന്നാണ് നിർദേശം. അതുവരെ ചിഹ്നം മരവിപ്പിച്ചിരിക്കുകയുമാണ് കമ്മീഷൻ.

മാത്രമല്ല, കെ എം മാണി പാർലമെന്ററി പാർട്ടി ലീഡറായിരുന്ന കേരളാ കോൺഗ്രസിന്റെ നിയമസഭാ കക്ഷിയാണ് ഇപ്പോഴും തുടരുന്നത്. ഡെപ്യൂട്ടി ലീഡർ എന്ന നിലയിൽ നിയമസഭയിലെ മുൻനിര കസേര മാത്രമാണ് ജോസഫിന് അനുവദിച്ചിട്ടുള്ളത്.

തുടക്കം മുതൽ പാർട്ടിയുടെ വിപ്പ് റോഷി അഗസ്റ്റിനായിരുന്നു. ഈ പദവിയിൽനിന്ന് റോഷിയെ മാറ്റി പകരം മോൻസ് ജോസഫിനെ വിപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

എന്നാൽ ജോസഫിന്റെ കത്തിന് നിയമസാധുതയില്ലെന്നാണ് സ്പീക്കർക്ക് ലഭിച്ച നിയമോപദേശം. അതിനാൽ റോഷി അഗസ്റ്റിൻ പാർട്ടി എംഎൽഎമാർക്ക് വിപ്പ് നൽകാനാണ് സാധ്യത.

നിയമസഭാ രേഖകളിലും വെബ്‌സൈറ്റുകളിലും ഇപ്പോഴും കേരളാ കോൺഗ്രസ് വിപ്പ് റോഷിയാണ്. ഈ സാഹചര്യത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറുക കേരളാ കോൺഗ്രസിലെ വിപ്പായിരിക്കും. അതിൽ സ്പീക്കറുടെ നിലപാട് നിർണായകമായിരിക്കും.

×