സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച മാർഗനിർദ്ദേശം സർക്കാർ പുറത്തിറക്കി; സ്കൂളുകൾ പരീക്ഷക്ക് മുമ്പ് ഫയർ ഫോഴ്സ് അണുവിമുക്തമാക്കും; കുട്ടികളെ ഏത്തിക്കുന്നതിന് സ്കൂളുകൾ സംവിധാനം ഒരുക്കണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, May 21, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച മാർഗനിർദ്ദേശം സർക്കാർ പുറത്തിറക്കി. കർശന നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. സ്കൂളുകൾ പരീക്ഷക്ക് മുമ്പ് ഫയർ ഫോഴ്സ് അണുവിമുക്തമാക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകില്ല.

കുട്ടികളെ ഏത്തിക്കുന്നതിന് സ്കൂളുകൾ സംവിധാനം ഒരുക്കണമെന്നാണ് നിർദ്ദേശം. എല്ലാ സ്കൂളുകളിലും സൈനിറ്റൈസർ വിദ്യാഭ്യാസവകുപ്പ് തന്നെ എത്തിക്കും. കുട്ടികളെ തെർമൽ സ്കാനിംഗ് നടത്തിയ ശേഷമായിരിക്കും പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുക. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

കേന്ദ്രത്തിന്റെ അനുമതി കിട്ടയതോടെയാണ് എതിർ‍പ്പുകൾക്കിടയിലും എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുവാൻ തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണുകൾ പരീക്ഷാ കേന്ദ്രം ഉണ്ടാവില്ല. കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങൾ മാറ്റാനായി വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. കേന്ദ്രങ്ങൾ മാറ്റാനായി അയ്യായിരത്തിലധികെ കുട്ടികൾ ഇത് വരെ രജിസ്റ്റർ ചെയ്തു. പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്കായി സേ പരീക്ഷ ഉടനുണ്ടുകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ഇപ്പോഴുള്ള കണ്ടെയ്ൻമെന്റ് സോണുകളുടെ കണക്ക് വച്ചാണ് പരീക്ഷകേന്ദ്രങ്ങൾ പുതുക്കി നിശ്ചയിക്കുന്നത്. എന്നാൽ പരീക്ഷ അടുത്ത് ചൊവ്വാഴ്ചയാണ് തുടങ്ങുന്നത്. അന്ന് പുതിയ കണ്ടെയ്മെന്റ് സോണുകൾ വന്നാൽ വീണ്ടും കേന്ദ്രങ്ങൾ പെട്ടെന്ന് മാറ്റേണ്ടി വരുമെന്ന ആശങ്കയുണ്ട്. വിവിധ ജില്ലകളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികൾക്ക് പരീക്ഷ കേന്ദ്രം മാറ്റാനായി വൈകിട്ട് ആറ് വരെയാണ് അപേക്ഷിക്കാവുന്നത്. 23ന് പുതിയ കേന്ദ്രങ്ങൾ പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ ഏണ്ണം കൂടിയാലുള്ള ക്രമീകരണത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്.

സാമൂഹിക അകലം പാലിച്ച് വിദ്യാർത്ഥികളെ ഇരുത്താനായി സ്കൂളുകളിലെ വലിയ ക്ലാസ് റൂമിൽ പരീക്ഷ നടത്താനാണ് തീരുമാനം. രാവിലെ ഹയർ സെക്കൻഡറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്എസ്എൽസി പരീക്ഷയും എന്ന നിലയിലാണ് ക്രമീകരണം. എന്നാൽ 13 ലക്ഷത്തിലധികം കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങുമ്പോൾ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്.

×