തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെ നടക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പരീക്ഷയ്ക്കുളള ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷ നടത്തിപ്പിനായുളള 20 കേന്ദ്രങ്ങൾ രോഗതീവ്രതയുളള കണ്ടെയിൻമെന്റ് സോണുകളാണെന്നാണ് റിപ്പോർട്ട്.
/sathyam/media/post_attachments/ZpAEgU0limO5BQ3OpenE.jpg)
ഇതിന് പകരം മറ്റ് പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ആരോഗ്യവകുപ്പിന്റെ അഭിപ്രായം പരിഗണിച്ചായിരിക്കും കണ്ടെയിൻമെന്റ് സോണിലെ കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുക. കണ്ടെയിൻമെന്റ് സോണിൽ പരീക്ഷ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മാധ്യമമാണ് ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.
വയനാട്ടിലെ 14 പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെയിൻമെന്റ് സോണിലാണ്. ഇവിടെ പരീക്ഷയ്ക്കായി മറ്റ് കേന്ദ്രങ്ങൾ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്. കൊല്ലത്ത് മൂന്ന് പരീക്ഷാ കേന്ദ്രങ്ങളാണ് കണ്ടെയിൻമെന്റ് സോണിലുളളത്. കാസർകോട്, പാലക്കാട്, കട്ടപ്പന എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങൾ കണ്ടെയിൻമെന്റ് സോണിലാണ്.
ഏതെങ്കിലും സാഹചര്യത്തിൽ കണ്ടെയിൻമെന്റ് സോണിൽ പരീക്ഷ നടന്നില്ലെങ്കിൽ ഇവിടെയുളള വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്കൊപ്പം റെഗുലർ അവസരം നൽകാനാണ് ആലോചന. കണ്ടെയിൻമെന്റ് സോണുകൾക്ക് പകരം ബദൽ കേന്ദ്രങ്ങൾ ലഭ്യമാണോ എന്നതിനെക്കുറിച്ച് വിദ്യാഭ്യാസ ജില്ലാ ഓഫിസർമാർ ഇന്ന് റിപ്പോർട്ട് നൽകണം.
കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് പ്രത്യേക ഇരിപ്പിടം തയ്യാറാക്കുമെന്നാണ് അറിയിച്ചത്. കൂടാതെ വീട്ടുനിരീക്ഷണത്തിൽ ആളുകൾ കഴിയുന്ന വീടുകളിൽനിന്നുള്ള കുട്ടികൾക്ക് പ്രത്യേക സൗകര്യം, എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്‌ക്രീനിങ്, വൈദ്യപരിശോധനയ്ക്ക് സ്‌കൂളുകളിൽ സംവിധാനം, കുട്ടികൾക്ക് മുഖാവരണം, അധ്യാപകർക്ക് ഗ്ലൗസ് നിർബന്ധം, ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാകേന്ദ്രത്തിൽത്തന്നെ സൂക്ഷിക്കും എന്നിങ്ങനെ നിരവധി ക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.