രാമപുരം കൂടപ്പുലത്തെ "കൂടപ്പുലം വാര്യം" വീട്ടിലെ ഇരട്ടക്കുട്ടികൾ അമ്മുവും അപ്പുവും എസ്. എസ്. എൽ. സി. പരീക്ഷയുടെ എ പ്ലസിലും ഇരട്ട പിരിഞ്ഞില്ല : ഇരട്ടകളുടെ ഇരട്ട വിജയത്തിന് ഇരട്ടി മധുരവുമായി ഇന്ന് പുത്തൻ വീട്ടിൽ പാലുകാച്ചലും 

New Update

കൂടപ്പുലം വാര്യത്തെ അഭിരാമി ജി. വാര്യർ എന്ന അമ്മുവും, അഭിഷേക് ജി. വാര്യർ എന്ന അപ്പുവും കുറിച്ചിത്താനം ശ്രീകൃഷ്ണാ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായിരുന്നു.
publive-image
ഒന്നു മുതൽ പത്താംതരം വരെ ഒരേ ക്ലാസ്സിൽ പഠിച്ച ഇരട്ട സഹോദരങ്ങൾ. പoനത്തിലും എൻ. സി.സി. ഉൾപ്പെടെയുള്ള പാഠ്യതര വേദികളിലും മികവു തെളിയിച്ചവർ. ഒരുമിച്ച് എസ്. എസ്. എൽ.സി. എഴുതിയ ഇരുവർക്കും എ പ്ലസ് വിജയമുണ്ടായത് കുറിച്ചിത്താനം സ്കൂളിനും കൂടപ്പുലം ഗ്രാമത്തിനും അഭിമാനമായി.

നാലമ്പലങ്ങളിൽപ്പെട്ട കൂടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ കഴകക്കാരനായ ഗോപാലകൃഷ്ണ വാര്യരുടെയും വെളിയന്നൂർ വില്ലേജ് ഓഫീസറും ഏഴാച്ചേരി സ്വദേശിനിയുമായ സുമതിക്കുട്ടിയുടേയും മക്കളാണീ ഇരട്ട മിടുക്കർ. സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ് ടു പഠിക്കാനൊരുങ്ങുന്ന ഇരുവരുടേയും ആഗ്രഹം ആതുരസേവനമാണ്.

"കൂടപ്പുലം വാര്യം" വീട്ടിലേക്ക് ഇരട്ട വിജയം കൊണ്ടുവന്ന ഇരട്ട മക്കൾക്ക് അച്ഛനുമമ്മയും ചേർന്നൊരുക്കിയ ഇരട്ടി മധുരമാണ് പുത്തൻ വീട്.

കൂടപ്പുലം ക്ഷേത്രത്തിനു സമീപത്തായി പണി കഴിപ്പിച്ച പുതിയ കൂടപ്പുലം വാര്യം വീടിന്റെ ഗൃഹപ്രവേശച്ചടങ്ങ് ഇന്നാണ്.

അമ്മുവിന്റേയും അപ്പുവിന്റേയും ഇരട്ട സന്തോഷത്തിൽ പങ്കുചേരാൻ സഹപാഠികളും അധ്യാപകരും ഇന്ന് പുത്തൻ വീട്ടിലെത്തുന്നുണ്ട്. രാവിലെ 7.30 ന് പാലുകാച്ചൽ ചടങ്ങും വൈകിട്ട് അതിഥി സൽക്കാരവുമൊരുക്കിയിട്ടുണ്ട്.
✍ *സുനിൽ പാലാ

Advertisment
Advertisment