/sathyam/media/post_attachments/RlD6seZKwwUFjRP0IwwB.gif)
ബംഗാളിലെ മിറാഠിയില്‍ പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും ലാജലക്ഷ്മി മുഖര്‍ജിയുടെയും മകനായി 1935 ഡിസംബര്‍ 11നായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം. പ്രണബ് മുഖര്‍ജിയുടെ പിതാവ് വെസ്റ്റ് ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ഹിസ്റ്ററിയിലും പ്രണബ് മുഖര്‍ജി ബിരുദാനന്തര ബിരുദം സ്വന്തമാക്കി. തപാല്‍ വകുപ്പില്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1963ല്‍ കൊല്‍ക്കത്ത വിദ്യാനഗര്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ അധ്യാപകനായി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് 'ദേഷര്‍ ഡക്ക്' എന്ന പത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1969ല്‍ മിഡ്‌നാപൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച പിന്നീട് പ്രതിരോധ മന്ത്രിയായി മാറിയ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചുകൊണ്ടായിരുന്നു പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രീയ രംഗപ്രവേശം. പിന്നീട് ഇന്ദിരാഗാന്ധിയുമായി ഉണ്ടായ അടുത്ത പരിചയം പ്രണബിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി.
അക്കൊല്ലം തന്നെ പ്രണബിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പിന്നീട് 1975, 81, 93, 99 വര്‍ഷങ്ങളിലും അദ്ദേഹം വീണ്ടും രാജ്യസഭയിലെത്തി. 1973ല്‍ വ്യാവസായിക വകുപ്പിലെ ഡെപ്യൂട്ടി മിനിസ്റ്ററായി പ്രണബ് സേവനമനുഷ്ഠിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം ധനമന്ത്രിയുമായി.
സാമ്പത്തികരംഗത്തെ വൈദഗ്ധ്യമായിരുന്നു പ്രണബ് മുഖര്‍ജിയുടെ മുഖമുദ്ര. മന്‍മോഹന്‍ സിങിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖര്‍ജി ആയിരുന്നു. ലോകബാങ്കില്‍ നിന്ന് രാജ്യമെടുത്ത കടത്തിന്റെ അവസാന തവണ തിരിച്ചു നല്‍കിയത് പ്രണബിനെ ശ്രദ്ധേയനാക്കി.
ഇന്ദിരാഗാന്ധിയുടെ അടുത്ത വിശ്വസ്തനായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ച ശേഷം പാര്‍ട്ടിയില്‍ പ്രണബിന്റെ സ്വാധീനവും കുറഞ്ഞുതുടങ്ങി. പിന്നീട് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുമായി പ്രണബിന് അത്ര സുഖകരമായ ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്.
രാജീവിന് ചുറ്റുമുണ്ടായിരുന്ന ചില സംഘം അദ്ദേഹത്തെ പ്രണബില്‍ നിന്ന് അകറ്റുകയായിരുന്നു. ഫലമായി പല സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ വെട്ടിമാറ്റി. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായിരുന്നു ആദ്യത്തെ പ്രഹരം. പിന്നീട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും അദ്ദേഹത്തെ മാറ്റി. പിന്നീട് 1986 ഒക്ടോബര്‍ മാസത്തില്‍ നിന്ന് പ്രണബിനെ രാജീവ് ഗാന്ധി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലേറ്റ ഏറ്റവും വലിയ അടിയായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രതീഷ് നന്ദിക്ക് പ്രണബ് നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളായിരുന്നു ഇതിന് കാരണം.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും പ്രണബിനെ ഒതുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി അദ്ദേഹം തന്റെ കരുത്തു കാട്ടി. പല നേതാക്കളും പ്രണബിനൊപ്പം ചേര്‍ന്നു. എന്നാല്‍ 1987ലെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കും അതോടെ അടഞ്ഞു.
അതോടെ കോണ്‍ഗ്രസുമായി അടുത്തില്ലെങ്കില്‍ തന്റെ രാഷ്ട്രീയജീവിതത്തിലെ മുന്നോട്ടുപോക്ക് പ്രയാസകരമാകുമെന്ന് അദ്ദേഹം മനസിലാക്കി. 1988ല്‍ ത്രിപുര തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ച് പ്രണബ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തുകയും ചെയ്തു.
1991ല്‍ രാജീവ് ഗാന്ധി ശ്രീപെരുംപുതൂരില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പിന്നീട് പ്രധാനമന്ത്രിയായി വന്നത് പി.വി. നരസിംഹറാവു ആയിരുന്നു. എന്നാല്‍ അവിടെയും കാബിനറ്റില്‍ പ്രണബിന് ഇടമുണ്ടായിരുന്നില്ല. കാബിനറ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പ്ലാനിങ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം നരസിംഹറാവു പ്രണബിന് നല്‍കി.
പിന്നീട് 2004ല്‍ അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ പ്രതിരോധമന്ത്രിസ്ഥാനം പ്രണബിന് നല്‍കി. ആദ്യം പ്രതിരോധ മന്ത്രിയായും (2004-2006), പിന്നീട് വിദേശകാര്യ മന്ത്രിയായും (2006-2009) അദ്ദേഹം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.
2007ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കും പ്രണബ് മുഖര്‍ജിയുടെ പേര് ഒരുഘട്ടത്തില്‍ ഉയര്‍ന്ന് കേട്ടെങ്കിലും അദ്ദേഹത്തെ കാബിനറ്റില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ യുപിഎ തയ്യാറായില്ല. എന്നാല്‍ 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പല പ്രമുഖരും പല പേരുകളും ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും അവസാനം പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി.
2008ല്‍ പത്മ വിഭൂഷണും 2019ല്‍ ഭാരതരത്‌നയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മിഡ്‌ടേം പോള്‍, ബിയോണ്‍ഡ് സര്‍വൈവല്‍: എമര്‍ജിംഗ് ഡൈമെന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ എക്കോണമി, ഓഫ് ദ ട്രാക്ക് 1987, സാഗ ഓഫ് സ്ട്രഗിള്‍ ആന്‍ഡ് സാക്രിഫൈസ്, ചലഞ്ചസ് ബിഫോര്‍ ദ നേഷന്‍ 1992, എ സെന്റേനറി ഹിസ്റ്ററി ഓഫ് ദ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ആന്‍ഡ് ദ മേക്കിംഗ് ഓഫ് ദ നേഷന്‍, തോട്ട്‌സ് ആന്‍ഡ് റിഫ്‌ളക്ഷന്‍സ് തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us