അരങ്ങൊഴിഞ്ഞ ജീവിതങ്ങൾ (കഥ)

സത്യം ഡെസ്ക്
Tuesday, June 23, 2020

ഇയ്യിടെയായി ഉറക്കം കുറവാണ്.
വെളുപ്പിന് തന്നെ ഉണർന്നെങ്കിലും ഭാര്യയെ ഉണർത്താതെ അയാൾ കട്ടിലിൽ തന്നെ കിടന്നു.
പിന്നെ ശബ്ദമുണ്ടാക്കാതെ ഉമ്മറത്ത് വന്നു കുന്തിച്ചിരുന്നു. ഒരാറു കസേരയെങ്കിലും വാങ്ങി ഉമ്മറത്ത് ഇടണമെന്ന് വിചാരിച്ചതാണ് കഴിഞ്ഞ സീസണിൽ; പക്ഷേ ചിലവുകൾ മൂക്കുകയർ പൊട്ടിയ നേർച്ചക്കാള പോൽ പായുമ്പോൾ എങ്ങിനെ? ആരെങ്കിലും വീട്ടിൽ വന്നാൽ ഉമ്മറത്ത് പുല്ലുപായ ഇട്ടു കൊടുക്കേണ്ട ഗതികേടാണ്.
ഇരുട്ടിനെ വകഞ്ഞുമാറ്റി അരണ്ട വെളിച്ചം കിഴക്കു നിന്നും പാളി വീഴുന്നുണ്ടായിരുന്നു. മുറ്റത്തിന്റെ അതിർത്തിയിൽ കൃത്യമായി അരിഞ്ഞു നിർത്തിയ പുൽക്കൊടികളിൽ ഉരുണ്ടുകൂടി നിൽക്കുന്ന മഞ്ഞു തുള്ളി; ഇപ്പോൾ വീഴും എന്ന മട്ടിലാണ് നില്പ്.
വെയിലുറച്ചു കഴിഞ്ഞാൽ അതവിടെ ഉണ്ടായിരുന്നതിന്റെ ഒരു തെളിവ് പോലുമവശേഷിപ്പിക്കാതെ അപ്രത്യക്ഷമാവുന്നു. തന്റെ ജീവിതവും ഏതാണ്ടതു പോലെയൊക്കെയാണെന്നയാളോർത്തു.

അച്ഛൻ കല്ലുവെട്ടു ജോലിക്ക് പോകുമ്പോൾ സഹായത്തിനു പോകേണ്ടതു കൊണ്ട് അഞ്ചാം ക്ളാസോടെ പഠിത്തം നിർത്തേണ്ടി വന്നു.വെട്ടി വയ്ക്കുന്ന കല്ലുകൾ കല്ലുവെട്ടുകുഴിയിൽ നിന്നും ചുമ്മി കരയിൽ കൊണ്ടു വയ്ക്കണം. ഇടയ്ക്ക് വലിയ തൂക്കുപാത്രത്തിൽ കൊണ്ടു വരുന്ന വെള്ളം ടംബ്ളറിൽ ഒഴിച്ചു കൊടുക്കണം. ഉച്ചയ്ക്ക് വീട്ടിൽ വന്ന് അമ്മ തരുന്ന ഊണ് അച്ഛനു കൊണ്ടു കൊടുക്കണം.

അങ്ങിനെയിരിക്കുമ്പോഴാണ് കാവിലെ ഉത്സവത്തിന് ആദ്യമായി പ്രൊഫഷണൽ നാടകം കാണുന്നത്. അതുവരെ കൂടുതലും ബാലെ ട്രൂപ്പുകളായിരുന്നു പരിപാടി അവതരിപ്പിച്ചിരുന്നത്.അതോടെ നാടകാഭിനയം ഒരു സ്വപ്നമായി. ഒരു വർഷം വന്ന നാടകട്രൂപ്പിനൊപ്പം നാടു വിട്ടു. ആരും അന്വേഷിച്ചു വന്നില്ല; ഭാഗ്യം. അച്ഛനുണ്ടോ ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ നാടുവിട്ട മകനെ അന്വേഷിക്കാൻ സമയം?

ആദ്യകാലങ്ങളിൽ കർട്ടൻ പൊക്കുക, ഗ്രീൻറൂമിൽ മേക്കപ്പ്മാനെ സഹായിക്കുക തുടങ്ങിയ ജോലികളായിരുന്നു ചെയ്തിരുന്നത് എന്നയാളോർത്തു. അന്ന് പ്രത്യേകിച്ച് കൂലിയൊന്നുമില്ല. ആഹാരക്കാര്യവും താമസവും അല്ലലില്ലാതെ നടന്നു പോയി; അത്രമാത്രം. ട്രൂപ്പിന്റെ ഓഫീസിൽ തന്നെയാണ് ഉറക്കം.

നിങ്ങളെന്താ ഇത്ര നേരത്തേ എഴുന്നേറ്റത്? പിന്നിൽ ഭാര്യ. ഉറക്കം വന്നില്ല, ഞാൻ പറഞ്ഞു. എന്തേ? ഭാര്യ ചോദിച്ചു. വർഷങ്ങൾക്കു മുമ്പ് നാടകത്തിൽ അഭിനയിക്കാൻ വന്നതാണവൾ. നാണംകുണുങ്ങിയായ കൊച്ചു കുട്ടി. അച്ഛൻ മരിച്ചതോടെ അനാഥമായ കുടുംബം. അമ്മയും രണ്ടനിയത്തിമാരും അവളുടെ ചുമതലയിലായി.അവളോട് സ്നേഹമായിരുന്നോ അതോ സഹതാപമോ? അറിയില്ല. സ്നേഹമറിയിച്ചപ്പോൾ നിർവ്വികാരയായിരുന്നു അവൾ. അനിയത്തിമാരുടെ വിവാഹശേഷമേ അവൾക്ക് സ്വന്തം കാര്യം ചിന്തിക്കാൻ കഴിയൂ; അവൾ പറഞ്ഞു.

എനിക്കും ധൃതിയില്ലായിരുന്നല്ലോ. നാടു വിട്ട എനിക്ക് ജീവിതം പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടിയിരുന്നു.ഈ വീടിരിക്കുന്ന അഞ്ചു സെന്റ് സ്ഥലവും ഈ കൊച്ചു വീടും തട്ടിക്കൂട്ടിയപ്പോഴേയ്ക്കും തളർന്നു പോയിരുന്നു. വൈകി വിവാഹം കഴിച്ചതു കൊണ്ട് ഒന്നിനു പിറകെ ഒന്നായി രണ്ടു കുട്ടികളും കൂടിയായപ്പോൾ നടൂവൊടിഞ്ഞ മട്ടായി. കുഞ്ഞുങ്ങളെ നോക്കാനായി ഭാര്യക്ക് അഭിനയം നിർത്തേണ്ടി വന്നതോടെ ഒറ്റയ്ക്ക് ഭാരം വലിക്കുന്ന വണ്ടിക്കാളയെപ്പോലെയായി താൻ; അയാളോർത്തു.

ഇന്ന് ഒരു മാസമാകുന്നു, വീട് വിട്ട് പുറത്തിറങ്ങിയിട്ട്. വീട്ടു സാധനങ്ങളൊക്കെ തീർന്നുവെന്നു ഭാര്യ പറയാൻ തുടങ്ങിയിട്ട് ദിവസം കുറെയായി. പഴ്സും കാലിയായെന്ന് അവൾക്കറിയില്ലല്ലോ. കൊറോണ എന്ന ഒരു ചെറിയ വൈറസ് എല്ലാം കീഴ്മേൽ മറിച്ചിരിക്കുന്നു. ഒരു നാടകട്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഓണത്തോടു കൂടി തുടങ്ങുന്നു സീസൺ. മാസങ്ങൾ നീണ്ടുനിൽക്കുന്ന റിഹേഴ്സലുകൾക്കൊടുവിൽ തട്ടിൽ കയറുന്ന നാടകം ഒരു അറുപത് എഴുപത് സ്റ്റേജുകളിൽ കളിച്ചെങ്കിലേ എന്തെങ്കിലും പ്രയോജനമുള്ളൂ.

മുതലാളിക്കും, അതേപോലെ തന്നെ അതിലെ കലാകാരന്മാർക്കും. ഇപ്രാവശ്യം ആയിരക്കണക്കിന് സ്റ്റേജുകളാണ് നഷ്ടമായത്. വിഷു, അമ്പലങ്ങളിലെ ഉത്സവങ്ങൾ എല്ലാം ഇത്തവണ നഷ്ടമായി. വിവിധ കലാസാംസ്കാരിക സംഘടനകളുടെ വാർഷിക പരിപാടികൾ ഈ വർഷം വേണ്ടെന്ന് വയ്ക്കുകയും കൂടി ചെയ്തതോടെ അടുപ്പിൽ തീ പുകയണമെങ്കിൽ കടം വാങ്ങണമെന്ന സ്ഥിതിയായി.
ഇന്നത്തെ സാഹചര്യത്തിൽ ആരു കടം തരാനാണ്?

മൂത്ത കുട്ടിക്ക് മൂന്നു നാലു ദിവസമായി പനിയുണ്ട് എന്നു ഭാര്യ പറയുന്നുണ്ട്. പന്ത്രണ്ടു വയസ്സു പ്രായമേയുള്ളൂ എങ്കിലും പ്രായത്തിൽ കവിഞ്ഞ പക്വതയാണവൾക്ക്. ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കില്ല. ഫീസ് കൊടുക്കാത്തതിന് ക്ളാസിനു പുറത്തു നിർത്തിയാലും വീട്ടിൽ വന്നു പറയില്ലവൾ. ആശുപത്രിയിൽ കൊണ്ടു പോകാമെന്ന് കരുതി യെങ്കിലും ഈ ഒറ്റപ്പെടൽ കാലത്ത് പോലീസിനെ പേടിച്ച് പുറത്തിറങ്ങാൻ തോന്നിയില്ല. സർക്കാർ ആശുപത്രി കുറെ ദൂരെയാണ്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാൻ പണമൊട്ടില്ല താനും.

അകത്തുനിന്ന് ഉയർന്ന ഭാര്യയുടെ നിലവിളി അയാളെ മനോരാജ്യത്തിൽ നിന്നുണർത്തി. എന്റെ പിറകിൽ ഇരുന്നിരുന്ന ഇവൾ എപ്പോൾ അകത്തു പോയി? അകത്തേക്കോടുമ്പോൾ മകളെ കോരിയെടുത്തു കൊണ്ട് വെളിയിലേക്ക് വരുന്ന ഭാര്യ. കൈകളിൽ ശ്വാസം കിട്ടാതെ പിടയുന്ന പൊന്നുമോൾ. അവളുടെ കയ്യിൽ നിന്നും മോളെ പറിച്ചെടുത്തു വെളിയിലേക്ക് ഓടുമ്പോൾ പിന്നാലെ നിലവിളിച്ചു കൊണ്ട് ഭാര്യ.

സ്കൂളിൽ . മാസങ്ങൾ ആയിട്ടും മോൾക്ക് രോഗം എവിടെ നിന്ന് പകർന്നു എന്ന ചോദ്യം മനസ്സിൽ തികട്ടി വന്നുവെങ്കിലും മോളുടെ ശ്വാസത്തിനു വേണ്ടിയുള്ള പിടച്ചിലിൽ അയാളുടെ ചങ്ക് നുറുങ്ങുകയും കാലുകളുടെ ചലനം പതിന്മടങ്ങ് വേഗത്തിലാവുകയും ചെയ്തു. അവളുടെ നെഞ്ചിലെ കുറുകൽ വർദ്ധിക്കുകയും ശരീരം തണുക്കുകയും ചെയ്തപ്പോൾ ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന ഒരേങ്ങൽ അയാളുടെ തൊണ്ടയിൽ കുടുങ്ങിയടങ്ങി.

,,,, സ്മിത ജഗദീഷ്,,,

×