കോട്ടയം: മീനച്ചിലാറും തൂക്കുപാലവും കാണാനെത്തിയ എട്ടംഗ സംഘത്തിലെ 3 പേർ ആറ്റിൽ മുങ്ങിമരിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിൽ മൈലപ്പള്ളി സജിയുടെ വീടും പരിസരവും ആൾക്കൂട്ടമായി. അപകടത്തിനു ദൃക്സാക്ഷികളായ കുട്ടികളെ സമീപവാസികൾ ചേർന്ന് ഈ വീട്ടിലെ സിറ്റൗട്ടിലാണ് ഇരുത്തിയത്.
‘അമ്മ ഫോൺ വിളിക്കുന്നത് നിനക്ക് ഇഷ്ടമല്ലല്ലോ. എന്തിനാണിങ്ങനെ വിളിക്കുന്നതെന്നു മനസ്സിലായില്ലേ. സൂസമ്മയോട് ഞാൻ എന്തു പറയും’ –പറഞ്ഞു തീർന്നതും ശിവപ്രസാദിന്റെ കവിളിൽ ആ അമ്മ തെരുതെരെ അടിച്ചു. പിന്നീടു കരഞ്ഞുകൊണ്ടു നിലത്തിരുന്നു. ഇന്നലെ അമ്മമാരുടെ നെഞ്ചുപൊട്ടുന്ന കരച്ചിലുകൾക്കു സാക്ഷിയായി. കണ്ടുനിന്നവരും അലമുറയിട്ടു കരഞ്ഞു.
അപകടം അറിഞ്ഞ് ഓരോ കുട്ടിയുടെയും വീട്ടിൽ നിന്നു കുടുംബാംഗങ്ങൾ ഓടിയെത്തി. ഭയന്നു വിറച്ചിരുന്ന മക്കളെ അടക്കിപ്പിടിച്ച് ആശ്വസിപ്പിച്ചു. കരഞ്ഞുകൊണ്ടു പലരും ആൾക്കൂട്ടത്തിൽ തങ്ങളുടെ മക്കളെ തിരഞ്ഞു. കൂട്ടുകാരനെവിടെ എന്നു കുട്ടികളോടു ചോദിച്ചു. മകൻ തിരിച്ചുവരില്ലെന്ന് അറിഞ്ഞ നിമിഷം വീണ്ടും കരച്ചിലിലേക്ക് .അപകടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിക്കുകയും ഒരാളെ കാണാതാവുകയും ആയിരുന്നു.