കൊല്‍ക്കത്ത: ഇന്ത്യ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ സഹോദരന്‍ സ്നേഹാഷിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്നേഹാശിഷിന് പനി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കോവിഡ് ടെസ്റ്റിന് വിധേയനായത്. പരിശോധന ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെ സ്നേഹാശിഷിനെ വീടിന് സമീപത്തെ ബെല്ലിവ്യൂ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.
"എനിക്ക് രണ്ട് ദിവസമായി നേരിയ പനി ഉണ്ടായിരുന്നു. അതിനാല്‍ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം കോവിഡ് പരിശോധന നടത്തി. കുറച്ചു മുമ്ബ് റിപ്പോര്‍ട്ട് വന്നു. കോവിഡ് പോസിറ്റീവാണ്. ഇപ്പോള്‍ എന്നെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്"- സ്നേഹാശിഷ് പറഞ്ഞു.
സ്നേഹാശിഷിന് രോഗം സ്ഥിരീകരിച്ചതോടെ അമ്മ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ വീട്ടില്‍തന്നെ നിരീക്ഷണത്തിലാക്കി. അതേസമയം സൗരവ് ഗാംഗുലി നിരീക്ഷണത്തിലാണോയെന്ന വിവരം വ്യക്തമല്ല.