/sathyam/media/post_attachments/AZbNSUuVJZ31dWflmuPH.jpg)
13-ാമത്തെ വയസ്സിലുണ്ടായ കാറപകടത്തിൽ നട്ടെല്ലിന് സാരമായ ക്ഷതം സംഭവിച്ച് പാരലൈസ് ആയശേഷം നാലുമാസക്കാലം ഐസിയുവിലും പിന്നീട് മൂന്നുവർഷക്കാലം ബെഡ്‌ഡിലും കഴിച്ചുകൂട്ടിയ പ്രതിഷ്ട ദേവേശ്വർ എന്ന പെൺകുട്ടിയുടെ സാഹസത്തിൻ്റെ കഥയാണിത്.
പഞ്ചാബിലെ ഹോഷിയാർപ്പൂർ നിവാസിനിയായ പ്രതിഷ്ടയുടെ അപകടം നടന്നത് ഹോഷിയാർപ്പൂർ ചണ്ഡീഗഡ് റോഡിലായിരുന്നു. രക്ഷപെടാനുള്ള സാദ്ധ്യതകൾ വിരളമാണെന്ന് ഡോക്ടർമാരും അന്ന് വിധിയെഴുതി. എന്നാൽ അരയ്ക്കുതാഴെ പൂർണ്ണമായും തളർന്നുപോയെങ്കിലും പ്രതിഷ്ട ജീവിതത്തിലേക്ക് മടങ്ങിത്തന്നെവന്നു.
കിടക്കയിൽക്കഴിഞ്ഞ മൂന്നുവർഷക്കാലം ഹോം സ്‌കൂളിംഗ് വഴി അവൾ പഠനം തുടർന്നു. പത്താം ക്ലാസ്സ് പരീക്ഷയിൽ ജയിച്ചപ്പോൾ 90 % മാർക്ക്. മാത്രമല്ല പ്ലസ് 2 വിനും ലഭിച്ചത് അതേ 90 % മാർക്കായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകളും പരിമിതികളും മൂലം പരസഹായമില്ലാതെ ജീവിക്കാനാകില്ലെന്ന വീട്ടുകാരുടെയും സമൂഹത്തിന്റെയും തീർപ്പുകൾ തൃണവൽഗണിച്ച് വീടിൻ്റെ നാലതിരുകളിൽ തളച്ചിടപ്പെടേ ണ്ടതല്ല തൻ്റെ ജീവിതമെന്ന ഉറച്ച തീരുമാനത്തിനും ലക്ഷ്യത്തിനും മുന്നിൽ എല്ലാവരും നമ്രശിരസ്കരാകുകയായിരുന്നു.
/sathyam/media/post_attachments/IWkrRQ5FbuZhbNsPf7cR.jpg)
ആഗ്രഹം പോലെ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ശ്രീറാം കോളേജിൽ പ്രതിഷ്ടക്ക് അഡ്മിഷൻ ലഭിച്ചു. മറ്റുള്ളവരുടെ സഹായമില്ലാതെ ഒറ്റയ്ക്ക് കഴിയാനോ അതുപോലെതന്നെ കാറിലോ,ബസ്സിലോ യാത്രചെയ്യാനോ കഴിയില്ലായിരുന്നുവെങ്കിലും അതൊരു വെല്ലുവിളിയായി അവൾ ഏറ്റെടുത്തു.
'Miracle do happen' എന്നപോലെയായി പിന്നീടുള്ള പ്രതിഷ്ടയുടെ ജീവിതവും ഡൽഹിയിലെ പഠനവും. അത്ഭുതങ്ങൾ സംഭവിക്കുകതന്നെ ചെയ്തു. കോളേജിൽ പോകാനായി അടുത്തുള്ള വീട് വാടകയ്‌ക്കെടുത്തു. മാർക്കറ്റിലും ,കടകളിലുമൊക്കെ തന്റെ വീൽചെയറിൽ യാത്രചെയ്തു സാധനങ്ങൾ വാങ്ങി. ആരുടെ സഹായവുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചു.
സ്വന്തമായി ആഹാരം പാചകം ചെയ്തു.വീട് ശുചിയാക്കി. മിക്കപ്പോഴും നിരത്തുകളിലൂടെ തൻ്റെ അത്യാധുനിക വീൽ ചെയറിൽ യാത്രചെയ്യുന്ന പ്രതിഷ്ടയെ ഡൽഹി നിവാസികൾക്ക് പലർക്കും പരിചിതമാണ്.ഒഴിവു സമയങ്ങളിൽ ഡൽഹിയിലെ പാർക്കുകളിലും ജനപഥിലുമൊക്കെ നമുക്ക് പ്രതിഷ്ടയെ കാണാൻ കഴിയും.
ശ്രീറാം കോളേജ്, പ്രതിഷ്ടയെന്ന ഗ്രാമീണകന്യകയുടെ ക്യാരക്റ്റർ തന്നെ മാറ്റിമറിച്ചു. അനീതിക്കും, അഴിമതിക്കും ,വിവേചനങ്ങൾക്കുമെതിരേ പോരാടാനവൾ പ്രാപ്തയായി. പല എന്‍ജിഒകളും പ്രതിഷ്ടയെ അതിഥിയായി ക്ഷണിച്ചു.അവളുടെ വാക്കുകൾക്ക് കാതോർത്തു.
ബ്രിട്ടീഷ് ഹൈക്കമ്മീഷൻ, ഹിന്ദുസ്ഥാൻ യുണിലിവർ, യു.എൻ ഉൾപ്പെടെ അനവധി അന്താരാഷ്ട്ര വേദികളിൽ പ്രതിഷ്ടക്ക് സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ അവസരം ലഭിക്കു കയുണ്ടായി. ഭാരതത്തിലെ 2 കോടി 68 ലക്ഷം വികാലാംഗർക്കായി ആ ശബ്ദം അവിടെല്ലാമുയർന്നു. അവരെ സ്വയം പര്യാപ്തരാക്കാനുള്ള പ്രതിഷ്ടയുടെ പ്രേരണകൾക്കു മുന്നിൽ നിറഞ്ഞ കരഘോഷമുയർന്നു.
/sathyam/media/post_attachments/dXiuVvsie2FFqLWMitCe.jpg)
പ്രതിഷ്ടക്ക് ഇപ്പോൾ ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പബ്ലിക് പോളിസിയിൽ മാസ്റ്റർ ഡിഗ്രിക്ക് അഡ്മിഷൻ ലഭിച്ചിരിക്കുകയാണ്. അതേപ്പറ്റി പ്രതിഷ്ടയുടെ അഭിപ്രായത്തിൽ പബ്ലിക് പോളിസിയില്‍ ഇത്രയും മഹത്തരമായ ഒരു കോഴ്‌സ് ലോകത്ത് ഓക്സ്ഫോർഡിലല്ലാതെ മറ്റെങ്ങുമില്ലെന്നാണ്. മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കിവന്നശേഷം ഇന്ത്യയിലെ വികലാംഗരുടെ ഉന്നമനത്തിനായി തൻ്റെ ജീവിതം സമർപ്പിക്കാ ൻതന്നെയാണ് അവരുടെ തീരുമാനം.
കൃത്യമായ ലക്ഷ്യബോധവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ മുന്നോട്ടുള്ള പ്രയാണം ഒരു ശക്തിക്കും തടയാനാകില്ല എന്ന സന്ദേശമാണ് പ്രതിഷ്ട ദേവേശ്വർ തൻ്റെ ജീവിതത്തിലൂടെ ലോകത്തിന് നൽകുന്നത്. പാരലൈസും വീൽ ചെയറും തൻ്റെ പ്രയാണത്തിന് ഇന്നുവരെ വിലങ്ങുതടിയായില്ലെന്ന യാഥാർഥ്യവും അവർ ലോകത്തോട് വിളിച്ചോതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us