/sathyam/media/post_attachments/gahthryVwoU0FzOMmAkw.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ സുധാകരന്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ നടത്തിയത് രഹസ്യ സര്‍വേയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും മുമ്പ് എഐസിസി സുധാകരന് അവര്‍ നടത്തിയ ചില സര്‍വേകളുടെ ഫലം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നത്.
പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലെ പോരായ്മയും ദൗബര്‍ല്യങ്ങളും മനസിലാക്കിയ ശേഷമാണ് ഇത്തരം നടപടികള്‍ സുധാകരന്‍ സ്വീകരിച്ചത്. നിലവിലുള്ള ജില്ല മുതല്‍ മണ്ഡലം വരെയുള്ള ഭാരവാഹികളെ നേരിട്ട് കണ്ടു നടത്തിയ സര്‍വേയുടെ ഫലത്തിലാണ് പാര്‍ട്ടിയുടെ ക്ഷീണം അദ്ദേഹത്തിന് മനസിലായത്.
തഴെത്തട്ടില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തകരുണ്ടെങ്കിലും ഏകോപനമില്ലായ്മ പരാജയമാണെന്നാണ് സര്‍വേയുടെ പ്രധാന കണ്ടെത്തല്‍. ഇതു പരിഹരിക്കുകയാണ് സുധാകരന്റെ ആദ്യ ലക്ഷം. അയല്‍ക്കൂട്ട മീറ്റിങ് എന്ന പുതിയ സംവീധാനം തന്നെ താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ളതാണ്.
തെരഞ്ഞെടുപ്പ് പരാജയവും അതിന്റെ കാര്യങ്ങളും അന്വേഷിക്കാന്‍ അഞ്ചു മേഖലാ സമിതികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവയക്ക് പുറമെ മുമ്പ് സര്‍വേ നടത്തിയ രഹസ്യ ഏജന്‍സിയേയും ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങള്‍ക്ക് പുറമെ മറ്റുള്ള നിയോജക മണ്ഡലത്തിലും പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് സര്‍വേയുടെ ഉദ്ദേശം.
മൂന്നു മാസംകൊണ്ട് ഈ സര്‍വേ റിസള്‍ട്ട് കിട്ടണമെന്നാണ് കെപിസിസി പ്രസിഡന്റ് നല്‍കിയ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി ജനപ്രതിനിധികളെയും പാര്‍ട്ടിയോടു ചേര്‍ന്നു നില്‍ക്കുന്ന പ്രധാന വ്യക്തികളെയും കണ്ടു വിവരങ്ങള്‍ തേടും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുള്ള കാരണം, ഡിസിസി- ബ്ലോക്ക് ഭാരവാഹികളുടെ പ്രവര്‍ത്തനം, തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥിതി, സ്വന്തമായി ഓഫിസ് ഉള്ള മണ്ഡലം കമ്മിറ്റികള്‍ ഏതൊക്കെ, ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കും. ഇതിനനുസരിച്ചാകും ഈ വിഷയത്തിലെ തുടര്‍ നടപടികള്‍ ഉണ്ടാകുക.