സര്‍വ്വ ചരാചരങ്ങളെയും ചേര്‍ത്തു നിര്‍ത്തിയ സ്‌നേഹത്തിന്റെ കവി; അരുവിയായും അഗ്നിയായും അക്ഷീണം ഒഴുകി, സ്‌നേഹത്താല്‍ പ്രപഞ്ചം തീര്‍ത്തു, ദോഷകരമായ ഓരോ നീക്കളിലും തിരുത്തല്‍ ശക്തിയായി ; വഴിവെയിലും പുഴവെള്ളവും മരത്തണലും വരെ ഈ അമ്മയോട് നന്ദി പറഞ്ഞു !

New Update

ശാന്തമായൊഴുകിയ ഒരുനദിയായിരുന്നില്ല സുഗതകുമാരി. ഇനിയെങ്കിലും ആ നദി ശാന്തമായൊഴുകട്ടെ .  മനുഷ്യനെ മാത്രമല്ല ഭൂമിയിലെ സര്‍വചരാചരങ്ങളെയും ചേര്‍ത്തുപിടിച്ച അമ്മമനസ്സാണ് സുഗതകുമാരി. ഒരോകാലഘട്ടത്തിലും മനുഷ്യനും സമൂഹത്തിനും പ്രകൃതിക്കും ദോഷമായി ബാധിക്കുന്ന ഒാരോ നീക്കങ്ങളിലും തിരുത്തല്‍ ശക്തിയായി നിലക്കൊണ്ട പോരാളി. മക്കളുടെ ശീലക്കേടുകള്‍ തിരുത്തുന്ന അമ്മയെയാണ് നമുക്ക് എന്നേയ്ക്കുമായി നഷ്ടമാകുന്നത്.

Advertisment

publive-image

കവയത്രിയെന്ന നിലയില്‍ എഴുതി ഒതുങ്ങിക്കൂടാമായിരുന്നു സുഗതകുമാരിക്ക്. പക്ഷേ സ്വാതന്ത്ര്യസമര സേനാനിയായ ബോധേശ്വരന്റെ മൂത്തമകള്‍ക്ക് ബോധാക്ഷരംപോലെ ജീവനായിരുന്നു ബോധവാതായനത്തിലൂടെ വന്നതെല്ലാം.

വഴിവെയിലും പുഴവെള്ളവും മരത്തണലും ഈ അമ്മയോട് നന്ദിപറയുന്നു. അല്ലെങ്കില്‍ സൈലന്റ് വാലി എന്ന നിശബ്ദതാഴ്്വര എന്നോ ചിതയിലേക്ക് പോകുമായിരുന്നു. പളുങ്കുവെള്ളമൊഴുക്കുന്ന കുന്തി ചരമഗതി പ്രാപിക്കുമായിരുന്നു. നിരാശ്രയവാര്‍ധക്യങ്ങള്‍ ചിതലെരിക്കുമായിരുന്നു, നിസ്സഹായരായ പെണ്‍കുട്ടികള്‍ ചീന്തിയെറിയപ്പെടുമായിരുന്നു.

സുഗതകുമാരി എന്ന സുകൃതം ഒരുപോലെ അരുവിയായും അഗ്നിയായും അക്ഷീണം ഒഴുകി ഇത്രനാള്‍. അക്ഷരങ്ങളിലൂടെയാണ് സുഗതകുമാരിയെ മലയാളം അറിഞ്ഞുതുടങ്ങിയത്. സമതലങ്ങളും കുന്നുകളും മരുഭൂമികളും പച്ചപ്പാടങ്ങളും നീര്‍ച്ചാലുകളും നീണ്ടപുഴകളും താണ്ടി മുന്നോട്ടുപോകുന്ന ആവലിയയാത്ര തുടങ്ങിയതാകട്ടെ ആറന്മുളയുടെ മണ്ണില്‍ നിന്നാണ്.

publive-image

സ്വാതന്ത്ര്യസമര സേനാനി ബോധേശ്വരന്റെയും അധ്യാപികയായകാര്‍ത്ത്യായനി അമ്മയുടെയും മകളായി 1934 ലെ മകരമാസത്തില്‍ അശ്വതി നക്ഷത്രത്തില്‍ ജനനം. അമ്മച്ചിയമ്മ രാമായണവും മഹാഭാരതവും വായിക്കുന്നതുകേട്ട് കേട്ട് കുട്ടിക്കാലം. ആ കേള്‍വി അടിത്തറയായി. മൂന്നുവയസുതൊട്ടേ അക്ഷരങ്ങള്‍ രൂപമായി കൂട്ടുകൂടി.

പിന്നെയവര്‍ പിരിയാത്ത കൂട്ടുകാരായി. അതേസമയം അക്കങ്ങളോട് എന്തോഒരകലവും വന്നു. കണക്കും അക്ഷരങ്ങളുടെ കണക്കായ വ്യാകരണവും ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് ബിരുദമെടുത്തത് തത്വശാസ്ത്രത്തില്‍. ക്രമേണ തോന്ന്യാക്ഷരങ്ങള്‍ നോട്ടുപുസ്തകങ്ങളലേക്കിറങ്ങി. ക്രമേണ മാസികകളിലേക്കും. 1961 ല്‍ മുത്തുച്ചിപ്പി എന്ന കവിതയിലൂടെ കവനയാത്രയുടെ ഒൗപചാരിക തുടക്കം.

67 ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്കാരം. 68ല്‍ പാവം മാനവഹൃദയവും തൊട്ടടുത്തവര്‍ഷം ഇരുള്‍ ചിറകുകളും ആസ്വാദകര്‍ക്ക് മുന്നില്‍. രാത്രിമഴയ്ക്ക് 77 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 81 ല്‍ പുറത്തിറങ്ങിയ അമ്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്കാരവും ഒാടക്കുഴല്‍ അവാര്‍ഡും ലഭിച്ചു.

publive-image

പ്രകൃതിതന്നെയാണ് ഈശ്വരന്‍ എന്നുപറയുമ്പോഴും കൃഷ്ണനോട് ഒരുപ്രത്യേക ഇഷ്ടമാണ്.മനസ്സിലാഗ്രഹിക്കുന്ന ഏതുഭാവത്തിലും കാണാവുന്ന കൃഷ്ണൻ സുഗതകുമാരിക്ക് എന്നും അഭയമാണ്. കാണുവിന്‍ ഇടിഞ്ഞൊരീ ഗോപുരം എന്നെഴുതിയ അതേ തൂലിക തന്നെയാണ് അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു പവിഴമല്ലിപ്പൂവിന്‍ പ്രേമം, ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ മിഴിയില്‍ നിലാവുപൂശുന്നു എന്നെഴുതിയത്.

ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, മലയാളത്തിന്‍റെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തഛന്‍ പുരസ്കാരം സരസ്വതി സമ്മാന്‍ അങ്ങനെ ബഹുതികള്‍ ഒഴുകിയെത്തി കവയിത്രിയെ തേടി.

sugatha kumari sugatha kumari amma
Advertisment