തിരുവനന്തപുരം: മരണ ശേഷം ഒരു പൂവും ദേഹത്തുവെക്കരുതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നയാളാണ് കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവർ മാധ്യങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. പൊതുദർശനങ്ങൾ, അനുശോചനയോഗങ്ങൾ, സ്മാരക പ്രഭാഷണങ്ങൾ എന്നിവയും താൻ മരിക്കുമ്പോൾ നടത്തരുതെന്ന് സുഗതകുമാരി പറഞ്ഞു. മരണശേഷം ചെയ്യേണ്ട കാര്യങ്ങൾ ഒസ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മരിച്ചു കഴിഞ്ഞാൽ ഒരു ആൽമരം മാത്രമാണ് തനിക്ക് വേണ്ടത്. ഇപ്പോൾ തിരുവനന്തപുരം പേയാട് മനസിന് താളംതെറ്റിയവർക്കായി നടത്തുന്ന 'അഭയ'യുടെ പിൻവശത്തെ പാറക്കൂട്ടത്തിനടുത്താണ് ആൽമരം നടേണ്ടത്.
അതിൽ പൂക്കൾവെക്കുകയോ ചിതാഭസ്മം വെക്കുകയോ ചെയ്യരുതെന്നും സുഗതകമാരി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമതും ഹൃദയാഘാതമുണ്ടായി പേസ്മേക്കറിന്‍റെ സഹായത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് സുഗതകുമാരി ഇക്കാര്യങ്ങൾ പറഞ്ഞത്.
മരിച്ചാല്‍ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്.
പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്'- സുഗത കുമാരി പറഞ്ഞിരുന്നു. ശാന്തികവാടത്തില്‍നിന്നും കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണമെന്ന് മാത്രാമാണ് ആവശ്യം. ഹൈന്ദവാചാര പ്രകാരമുള്ള സഞ്ചയനവും പതിനാറും ഒന്നും വേണ്ടെന്ന് കവിയത്രി വ്യക്തമാക്കിയിരുന്നു.