പൊലീസിനെയും കോടതിയെയും നോക്കിയിരുന്നിട്ട് ഫലമില്ല: പ്രായാധിക്യം അവഗണിച്ച്‌ പ്രതികരണവുമായി സുഗതകുമാരി

Sunday, September 27, 2020

തന്നെയടക്കമുള്ള സ്ത്രീകളെ അധിക്ഷേപിച്ച്‌ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും നന്ദിയറിയിച്ച്‌ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി. നാട്ടിലെ എല്ലാ സ്ത്രീകളുടെയും അഭിനന്ദനമാണ് താന്‍ അറിയിക്കുന്നതെന്നും പെണ്ണുങ്ങളെക്കൊണ്ട് സര്‍ക്കാര്‍ നിയമം കൈയിലെടുപ്പിക്കുകയായിരുന്നെന്നും സുഗതകുമാരി പറഞ്ഞു.

സുഗതകുമാരിയുടെ വാക്കുകള്‍

“ഭാഗ്യലക്ഷ്മിയോട് നന്ദി പറയുന്നു. എന്റെ മാത്രമല്ല, നാട്ടിലെ സ്ത്രീകളുടെയെല്ലാം അഭിനന്ദനം, നന്ദി, സ്നേഹം എല്ലാം അറിയിക്കുന്നു. കാരണം, ഞങ്ങള്‍ക്കെല്ലാം വേണ്ടിയാണ് ഭാഗ്യലക്ഷ്മി അങ്ങനെയൊരു കൃത്യം ചെയ്തത്. പെണ്ണുങ്ങള്‍ നിയമം കൈയിലെടുത്തു പോകും. പൊലീസ് എന്തെങ്കിലും ചെയ്യുമോ, കോടതി എന്തെങ്കിലും ചെയ്യുമോയെന്ന് നോക്കിയിരുന്നിട്ട് ഒരു ഫലവുമില്ല.

കൂടുതല്‍ക്കൂടുതല്‍പ്പേര്‍ അശ്ലീലം പറഞ്ഞു കൊണ്ടേയിരിക്കും. നിയമം കൈയിലെടുക്കാന്‍ പെണ്ണുങ്ങള്‍ മുന്നോട്ടു വന്നിരിക്കുന്ന എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ല. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കേണ്ടതാണ്. ഭാഗ്യലക്ഷ്മിക്കും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെ എന്തെങ്കിലും കേസുകള്‍ വന്നാലും ഞങ്ങള്‍ സഹിക്കും. അഭിമുഖീകരിക്കാന്‍ തയ്യാറായിത്തന്നെയാണ്. വീണ്ടും വീണ്ടും ഇങ്ങനത്തെ കാര്യങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തരുത്.

സര്‍ക്കാര്‍ അതിശക്തമായ നടപടിയെടുക്കണം. പെണ്ണുങ്ങളെക്കൊണ്ട് നിയമം കൈയിലെടുപ്പിക്കരുത്. അതിന് സമൂഹം മുന്നോട്ടു വരണം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ പെണ്ണുങ്ങളുടെ പക്ഷത്ത് നില്‍ക്കണം.” വളരെ ആയാസത്തോടെയാണ് സുഗതകുമാരി സംസാരിക്കുന്നത്.

×