/sathyam/media/post_attachments/GWy9MxR5VTrYZ0at47FB.jpg)
തൊടുപുഴ: തൊടുപുഴ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റ ആത്മഹത്യാ ഭീഷണി. കരാർ ജോലിയുടെ പണം നൽകാത്തതിനെ തുടർന്നാണ് വെള്ളത്തൂവൽ സ്വദേശി സുരേഷ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട നാലോളം നിർമ്മാണങ്ങൾ പൂർത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകൾ നൽകിയിരുന്നു. എന്നാൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഈ ബില്ലുകൾ ദീർഘനാളായി തടഞ്ഞുവെക്കുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ ഇദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു. കൈയിൽ ലൈറ്റർ പിടിച്ച ശേഷമായിരുന്നു ഭീഷണി. തുടർന്ന് പൊലീസും ഫയർ ഫോഴ്സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയിൽ നിന്നും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട 70 ശതമാനം പണം ഇന്നുതന്നെ കൊടുക്കാമെന്ന് പ്രൻസിപ്പൽ കൃഷി ഓഫീസർ അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവൻ പണവും നൽകണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
മൊത്തം ഒരു കോടി രൂപയാണ് സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുൻപാണ് ബില്ല് നൽകിയത്. ജില്ലാ കലക്ടർക്ക് ഉൾപ്പടെ പരാതി നൽകിട്ടും നടപടി ഇല്ലാഞ്ഞിട്ടാണ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്നാണ് ഇദ്ദേഹം പറയുന്നത്. പണം ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർ വീണ്ടും പുതിയ ഉപാധികൾ വെച്ചതാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് വിവരം.