സാമ്പത്തിക പരാധീനത അലട്ടിയിരുന്നതിനാല്‍ ജീവനൊടുക്കുന്നു; ചേലക്കരയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Wednesday, April 7, 2021

തൃശൂര്‍ : ചേലക്കരയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പരാധീനത അലട്ടിയിരുന്നതിനാല്‍ ജീവനൊടുക്കുകയാണെന്ന കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ചേലക്കര പുലാക്കോട് സ്വദേശികളായ പി.എന്‍.മനോഹരനും ഭാര്യ പ്രസന്നയുമാണ് മരിച്ചത്. മനോഹരന്‍ അടുക്കളയിലും പ്രസന്ന മുകളിലത്തെ നിലയിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മനോഹരന്‍ മരപ്പണിക്കാരനാണ്. ഇരുവരും തനിച്ചായിരുന്നു താമസം.

ഒരു മകന്‍ വിദേശത്താണ്. മറ്റൊരു മകന്‍ വേറെ വീട്ടിലായിരുന്നു താമസം. ചെറിയ തോതില്‍ സാമ്പത്തിക പരാധീനത അലട്ടിയിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ നിന്ന് പൊലീസ് മനസിലാക്കി. മാത്രവുമല്ല, ഒറ്റപ്പെടല്‍ മൂലമുള്ള മാനസിക വിഷമങ്ങളും ഇരുവര്‍ക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

തലേന്നു രാത്രി പ്രസന്ന സഹോദരനെ ഫോണില്‍ വിളിച്ചിരുന്നു. രാത്രി പതിനൊന്നര കഴിഞ്ഞിരുന്നതിനാല്‍ സഹോദരന്‍ ഫോണ്‍ എടുത്തിരുന്നില്ല. അയല്‍വാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള മകന്‍ എത്തിയ ശേഷം സംസ്കാരം നടക്കും.

×